Skip to main content

നവകാര്‍ഷിക കേരളത്തിന് വേണ്ടത് നിത്യഹരിത വിപ്ലവം: മന്ത്രി പി. പ്രസാദ്

*കാര്‍ഷിക മുന്നേറ്റത്തിന് വഴികാട്ടിയായി കേരളീയം സെമിനാര്‍

നവകാര്‍ഷിക കേരളത്തിന് വേണ്ടത് നിത്യഹരിത വിപ്ലവമാണെന്ന് കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉപസംഹരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിയെയും മനുഷ്യനെയും ജീവജാലങ്ങളെയും എല്ലാ പരിഗണിച്ചുകൊണ്ടുള്ള കാര്‍ഷിക വികസനമാണ് നമുക്ക് വേണ്ടത്. നമ്മുടെ നാട്ടിലും വിദേശത്തും അനുകരണീയ മാതൃകകളും ബദലുകളും കര്‍ഷക വിജയഗാഥകളും ഒട്ടേറെയുണ്ട്. ഇവയില്‍ നിന്നെല്ലാം ആശയങ്ങള്‍ സ്വീകരിച്ച് കൃഷി വകുപ്പ് നടപ്പാക്കും, കേരളീയം കാര്‍ഷിക സെമിനാറില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ സമാഹരിച്ച് നവംബറില്‍ തന്നെ കര്‍മപദ്ധതി തയാറാക്കും. നവകാര്‍ഷിക കേരളം സാധ്യമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ തയാറാക്കി നടപ്പാക്കും. എല്ലാ ജില്ലകളിലെയും കര്‍ഷകരുമായി ആശയവിനിമയം നടത്തിയാവും പദ്ധതികള്‍ ആവിഷ്‌കരിക്കുക.

ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തും. എന്നാല്‍ കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകരെ എറിഞ്ഞുകൊടുക്കില്ല. ചെറുകിട കര്‍ഷകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കും. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളില്‍ ശാസ്ത്രീയ പരിഹാരം കണ്ടെത്തും. കേരള കാര്‍ഷിക സര്‍വകലാശാല കര്‍ഷകര്‍ക്കായി നടത്തുന്ന സേവനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും പാനലിസ്റ്റുകളായ ഡോ. നീരജയും ഡോ. കടമ്പോട്ട് സിദ്ധീഖും മുക്തകണ്ഠം പ്രശംസിച്ചത് സന്തോഷം നല്‍കിയതായും കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് കാര്‍ഷിക സര്‍വകലാശാലയെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ കര്‍ഷകരുമായി സര്‍വകലാശാലയെ ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേരഗ്രാമം പദ്ധതി വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി ഉത്പാദനക്കുറവല്ലെന്നും ഉത്പാദനത്തിന് അനുസരിച്ചുള്ള വിപണി ഉണ്ടാകുന്നില്ലെന്നതാണെന്നും മന്ത്രി പറഞ്ഞു.

കര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണറുമായ ബി അശോക് കൃഷി വകുപ്പ് പദ്ധതി അവതരിപ്പിച്ചു. ദേശീയ കാര്‍ഷിക ശാസ്ത്ര അക്കാദമി സെക്രട്ടറി കെ.സി ബെന്‍സല്‍ സുസ്ഥിര കാര്‍ഷിക വികസനത്തിനും ഉത്പാദനക്ഷമതക്കും നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

സുസ്ഥിരമായ ഉത്പാദനത്തിന് കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കല്‍, കാലാവസ്ഥാ വ്യതിയാനത്തെ നേരിടല്‍, കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കല്‍ എന്നിവ പ്രധാനമായി പരിഗണിക്കണമെന്ന് ലോക ബാങ്ക് സീനിയര്‍ എക്കണോമിസ്റ്റ് ക്രിസ് ജാക്സണ്‍ പറഞ്ഞു. നിലവില്‍ കാര്‍ഷിക വകുപ്പ് നടപ്പിലാക്കി വരുന്ന 9 സാങ്കേതിക ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കി നടപ്പിലാക്കിയാല്‍ കേരളത്തിലെ കാര്‍ഷിക രംഗം വികസിക്കുമെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പി രാജശേഖരന്‍ ചൂണ്ടിക്കാട്ടി. വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ കടമ്പോട്ട് സിദ്ദീഖ് നിലവിലെ കാര്‍ഷിക സാഹചര്യം, മാറിക്കൊണ്ടിരിക്കുന്ന ആഗോള കാര്‍ഷിക മേഖല, കേരളത്തിലെ പ്രശ്നങ്ങളും അവ തരണം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളും തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു.

കേരളത്തെപ്പോലെ വിയറ്റ്നാമും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ ഏറെ അഭിമുഖീകരിക്കുന്നതായി ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റ് ചെയര്‍മാനും വിയറ്റ്നാമിലെ മുന്‍ കാര്‍ഷിക വികസന, ഗ്രാമ വികസന മന്ത്രിയുമായ കാവു ഡ്യൂ ഫാട്ട് പറഞ്ഞു. വിയ്റ്റ്നാമിലെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര കാര്‍ഷിക അഭിവൃദ്ധിക്കുമായി വിയറ്റ്നാം സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും വിപണി അധിഷ്ഠിത നയരൂപീകരണവും അദ്ദേഹം വിശദീകരിച്ചു. നെല്‍കൃഷിയില്‍ കീടപ്രതിരോധ ശേഷിയും ഉപ്പുവെള്ളത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന ഇനങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൈസ് റിസര്‍ച്ച് മുന്‍സിപ്പല്‍ സയന്റിസ്റ്റുമായ സിഎന്‍ നീരജ പറഞ്ഞു. കേരളത്തിലെ പൊക്കാളി നെല്ലില്‍ ഉപ്പുവെള്ളത്തെ പ്രതിരോധിക്കന്ന ജീന്‍ കണ്ടെത്തിയതായും ഇത് ലോകത്തിന് തന്നെ നേട്ടമാണെന്നും അവര്‍ പറഞ്ഞു. ഔഷധ, പോഷക മൂല്യമുള്ള നെല്ലിനങ്ങളും സങ്കര വര്‍ഗങ്ങളും  വികസിപ്പിക്കണമെന്നും ഡോ. നീരജ പറഞ്ഞു.

ഇസ്രായേല്‍ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തിലെ അംഗമായ ശ്രീവിദ്യ എം, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് സുജിത്ത് എസ് പി, കാര്‍ഷിക സംരംഭകനായ ജ്ഞാന ശരവണന്‍ എന്നിവര്‍ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു. സെമിനാറിന്റെ ആംഗ്യഭാഷാ അവതരണവും അരങ്ങേറി.

date