Skip to main content
ശുദ്ധജല വിതരണം നൂറു ശതമാനമാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ശുദ്ധജല വിതരണം നൂറു ശതമാനമാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ആലപ്പുഴ: ഗ്രാമപ്രദേശങ്ങളില്‍ ശുദ്ധജല വിതരണം നൂറു ശതമാനമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കായംകുളത്ത് അനുവദിച്ച കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് കൂടുതല്‍ ഓഫീസുകള്‍ രൂപീകരിക്കുന്നത്.
തീര പ്രദേശത്തെ ഭാവിയിലെ കുടിവെള്ള പ്രശ്‌നം ഗൗരവമായി കണ്ടുകൊണ്ടു സര്‍ക്കാര്‍ മുന്‍കൂട്ടി തന്നെ വരും വര്‍ഷങ്ങളില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിനെ കുറിച്ചുള്ള കണ്ടെത്തലുകള്‍ നടത്തി വരികയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ച് നടപ്പാക്കുന്ന ജല ജീവന്‍ പദ്ധതി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനാകണമെന്നും മന്ത്രി പറഞ്ഞു.

കായംകുളം വാട്ടര്‍ അതോറിറ്റി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ റീജിയണ്‍ ചീഫ് എന്‍ജിനീയര്‍ പി.കെ. സലിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അംമ്പുജാക്ഷി ടീച്ചര്‍, എസ്. രജനി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. പവനനാഥന്‍, രാധാമണി രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജു നസറുള്ള, ജലവിഭവ വകുപ്പ് ചെയര്‍മാന്‍ ആന്റ്  വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ആര്‍. സുഭാഷ്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ.എല്‍. ഗിരീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാല് ലക്ഷത്തില്‍ പരം കുടിവെള്ള കണക്ഷനുകള്‍ ഉള്ള ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷന്‍ ഓഫീസ് വിഭജിച്ച് മാവേലിക്കര, ഹരിപ്പാട് സബ് ഡിവിഷന്‍ ഓഫീസുകള്‍ കൂട്ടിച്ചേര്‍ത്താണ് കായംകുളം ഡിവിഷന്‍ രൂപീകരിച്ചത്. എക്‌സി. എന്‍ജിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിവിഷണല്‍ അക്കാണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലര്‍ക്ക് (നാല്), ഡ്രാഫ്റ്റ്‌സ്മാന്‍ , ടൈപ്പിസ്റ്റ് , ഓഫീസ് അറ്റന്റന്റ് (രണ്ട്), ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ വീതം ജീവനക്കാരെയും പുതിയ ഡിവിഷനിലേക്ക് അനുവദിച്ചിട്ടുണ്ട്.

date