Skip to main content

കേരളത്തിലെ സമ്പദ്ഘടനയുടെ നട്ടെല്ലായി സഹകരണ പ്രസ്ഥാനം മാറി; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കേരളത്തിലെ സമ്പദ്ഘടനയുടെ നട്ടെല്ലായി സഹകരണ പ്രസ്ഥാനം മാറിയെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സഹകരണ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സഹകരണ യൂണിയന്റെയും സർക്കിൾ സഹകരണ യൂണിയനുകളുടെയും നേതൃത്വത്തിൽ നടത്തിയ സഹകരണ സംരക്ഷണ ജില്ല റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഒരു സമാന്തര സമ്പദ്ഘടനയായി പ്രവർത്തിക്കാൻ സഹകരണ മേഖലക്ക് കഴിഞ്ഞു. 1600ലധികം പ്രാഥമിക വായ്പ സൗകര്യങ്ങൾ, 60ൽപ്പരം അർബൻ ബാങ്കുകൾ, സംസ്ഥാന കാർഷിക വികസന ബാങ്ക്, പ്രാഥമിക കാർഷിക വികസന ബാങ്കുകൾ, വനിതാ സഹകരണ സംഘങ്ങൾ, വായ്പ മേഖലയിലും ഇതര മേഖലകളിലും പ്രവർത്തിക്കുന്ന 15000ത്തിലധികം മറ്റു സംഘങ്ങളടക്കം ആയിരക്കണക്കിന് സംഘങ്ങളാണ് സംസ്ഥാനത്തെ സഹകരണ മേഖലയിൽ ഇന്ന് പ്രവർത്തിക്കുന്നത്. കേരള സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് സഹകരണ പ്രസ്ഥാനം. ഒന്നേകാൽ ലക്ഷം ജീവനക്കാർ ഈ മേഖലയിൽ ജോലി ചെയ്യുന്നു. 

ഏത് പ്രതിസന്ധിയും അതിജീവിക്കാനുള്ള കരുത്ത് കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ട്. നിക്ഷേപകന്റെ എല്ലാ നിക്ഷേപത്തിനും സഹകരണ ബാങ്കുകളിൽ സർക്കാരിൻറെ പരിരക്ഷയുണ്ട്. അതിനാൽ നിക്ഷേപകർക്ക് ആശങ്കയുടെ ആവശ്യമില്ലായെന്നും മന്ത്രി പറഞ്ഞു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. ഓരോ സഹകരണ പ്രസ്ഥാനവും നാട്ടിലെ ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. സഹകരണ മേഖല ഒരർത്ഥത്തിലും ഒരാൾക്കും തട്ടിപ്പിന്റെ വേദിയാകാൻ പാടില്ല. ആ ചിന്താഗതിയോടെ എത്തുന്ന വരെയെല്ലാം പടിയടച്ച് പുറത്താക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ആലപ്പുഴ നഗര ചത്വരത്തിൽ നിന്നും ടൗൺഹാളിലേക്ക് സഹകരണ സംരക്ഷണ ജില്ല റാലിയും സംഘടിപ്പിച്ചു. എ. എം ആരിഫ് എംപി, എംഎൽഎമാരായ എച്ച്. സലാം, പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ്, നഗരസഭ അധ്യക്ഷ കെ.കെ ജയമ്മ, സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം എ.ഡി. കുഞ്ഞച്ചൻ, ജോയിന്റ് രജിസ്ട്രാർ ജനറൽ ഷഹിമ മങ്ങയിൽ, മുൻ ജില്ല ബാങ്ക് പ്രസിഡന്റ് സി.ബി. ചന്ദ്രബാബു, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ് സി.കെ. ഷാജി മോഹൻ, പി.എ.സി.എസ്. അസോസിയേഷൻ പ്രസിഡൻറ് പി. ഷാജിമോഹൻ, എം സത്യപാലൻ, വിവിധ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാർ,  മുൻ ജില്ല ബാങ്ക് പ്രസിഡന്റ്മാർ, വിവിധ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date