Skip to main content

നവകേരള സദസ് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കും: മന്ത്രി എം.ബി രാജേഷ്

നവകേരള സദസ് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ സംഘാടക സമിതികള്‍ നടത്തണമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന നവകേരള സദസ് സബ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. 
കേരളം കടന്നു വന്ന വഴികളും ഉണ്ടാക്കിയ മാറ്റങ്ങളും ഇനി നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും മുഖ്യമന്ത്രി ഉള്‍പ്പെടെ ഒരു മന്ത്രിസഭ മുഴുവന്‍ ഓരോ മണ്ഡലത്തിലും എത്തി ജനങ്ങളുമായി സംവദിക്കും. ജനങ്ങളില്‍നിന്ന് ആശയ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ലഭിക്കുന്ന പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും ഓരോ നാല് മണ്ഡലങ്ങളില്‍നിന്ന് എല്ലാ വിഭാഗത്തില്‍ പെട്ടവരുമായ തിരഞ്ഞെടുക്കപ്പെട്ട 200 പേര്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയുമായി നേരിട്ട് സംവാദം നടത്താം. ജില്ലയിലെ ആദ്യ നവകേരള സദസ് നടക്കുന്നത് തൃത്താല മണ്ഡലത്തിലാണ്. 25000 പേരെ പങ്കെടുപ്പിക്കലാണ് ലക്ഷ്യം. സ്ത്രീപുരുഷ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ മാധ്യമ പ്രചാരണ രംഗത്ത് കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും വിളംബരജാഥ, സൈക്കിള്‍ റാലി, മാരത്തോൺ എന്നീ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സബ് കമ്മിറ്റി ഭാരവാഹികള്‍, പഞ്ചായത്ത് സംഘാടകസമിതി, നോഡല്‍ ഓഫീസര്‍മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ കുടുംബശ്രീ, ഹരിതകര്‍മ്മ സേന, ആശപ്രവര്‍ത്തകര്‍ പങ്കെടുത്തു.
 

date