Skip to main content

പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി: മന്ത്രി വി.എന്‍ വാസവന്‍ കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം നിര്‍മാണോദ്ഘാടനം നടന്നു

ആധാരം രജിസ്‌ട്രേഷന്‍ കഴിഞ്ഞുള്ള പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായി രജിസ്‌ട്രേഷന്‍-സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം കോട്ടായിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം ഇല്ലാതാക്കുന്നതിന് വകുപ്പുകളുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ഉടന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം രജിസ്‌ട്രേഷന്‍ വകുപ്പ് പ്രയോജനപ്പെടുത്തുകയാണ്.
ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിവിധ ജില്ലകളില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതോടെ ഏത് ജില്ലയിലും ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആധാരം രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും. മുന്നാധാരങ്ങള്‍ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇ- സ്റ്റാമ്പിങ് പല ജില്ലകളിലും യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനവും സര്‍ക്കാരിന്റെ നയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടായിയില്‍ 190 ലക്ഷം ചെലവിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.
പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ്, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കേരളകുമാരി, മാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എന്‍ ഗോകുല്‍ദാസ്, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേണുകാദേവി, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date