Skip to main content

നവകേരള സദസ്: 'സ്വപ്ന കേരളം'വരച്ച് വിദ്യാർത്ഥികൾ...

ജില്ലയില്‍ ഡിസംബര്‍ 1,2,3 തീയതികളില്‍ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിൻ്റെ പ്രചരണാർത്ഥം    വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ  'സ്വപ്ന കേരളം' വരയ്ക്കുന്നതിന്റെ പാലക്കാട് മണ്ഡലതല ഉദ്ഘാടനം പി.എം.ജി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിർവഹിച്ചു.  

പാലക്കാട് നഗരസഭയിലെയും കണ്ണാടി, മാത്തൂര്‍, പിരിയിരി ഗ്രാമപഞ്ചായത്തുകളിലെയും വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് സ്വപ്ന കേരളം വരയ്ക്കുന്നത്. മോയൻസ്, മാത്തൂർ സി.എസ്.ഡി സ്കൂൾ, കണ്ണാടി ഗേൾസ് ഹൈസ്കൂൾ, പി.എം.ജി, ബിഗ് ബസാർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഇന്ന്  ചിത്രരചന നടത്തിയത്. 20x4 അടിയിലുള്ള തുണി ബാനറിൽ  സ്‌കൂളുകളിലാണ് വിദ്യാര്‍ത്ഥികള്‍  ചിത്രരചന നടത്തിയത്. വിദ്യാര്‍ത്ഥികള്‍ വരച്ച 'സ്വപ്‌ന കേരളം' നവകേരള സദസ് വേദിയില്‍ പ്രദര്‍ശിപ്പിക്കും. നവംബർ 20ന് വെണ്ണക്കര ഹൈസ്കൂൾ, കുമരപുരം ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാവും സ്വപ്ന കേരളം വരയ്ക്കുക.

പരിപാടിയില്‍ നവകേരള സദസ് പാലക്കാട്  നിയോജമണ്ഡലം കണ്‍വീനറും സ്‌പെഷ്യല്‍ തഹസില്‍ദാറുമായ പി.മധു, എ.ഇ.ഒ സുനില്‍കുമാര്‍, പി.എം.ജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഉഷ, പി.ടി.എ പ്രസിഡന്റ് സുരേഷ്, വൈസ് പ്രസിഡന്റ് ജിഞ്ചു ജോസ് എന്നിവര്‍ പങ്കെടുത്തു.

'സ്വപ്‌ന കേരളം' ചിത്രരചനയ്ക്കു  പുറമെ കുട്ടികള്‍ 'ഭാവി കേരളം' എന്ന വിഷയത്തില്‍ മന്ത്രിസഭയ്ക്ക് കുറിപ്പെഴുതും. തെരഞ്ഞെടുത്ത കുറിപ്പുകള്‍ പാലക്കാട് നിയോജക മണ്ഡല തലത്തില്‍ വിലയിരുത്തി സമ്മാനം നല്‍കും. ഇതിനുപുറമെ നവകേരളസദസിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ഫ്ളാഷ് മോബ്, ബാന്‍ഡ്മേളം എന്നിവ സംഘടിപ്പിക്കും.
 

date