Skip to main content

പണം പയറ്റ് നടത്തി സ്വരൂപിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പണം പയറ്റ് കോഴിക്കോട് ജില്ലയിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ അവിഭാജ്യഘടകമാണ്. വിവാഹത്തിനും വീട് നിര്‍മാണത്തിനും മറ്റുമുള്ള ധനസമാഹരണത്തിനാണ് സാധാരണയായി പണം പയറ്റ് നടത്തുന്നത്. പണവുമായി വരുന്നവര്‍ പിന്നീട് പയറ്റ് നടത്തുമ്പോള്‍ ലഭിച്ചതുക ഇരട്ടിയായി കൊടുക്കണമെന്നാണ് അലിഖിത വ്യവസ്ഥ. എന്നാല്‍ അത്തോളി ഓട്ടമ്പലം വെള്ളുത്തിനാം പുറത്ത് മീത്തല്‍ ഷാജി പണം പയറ്റ് നടത്തിയത് സ്വന്തം കാര്യത്തിനായല്ല. പ്രളയത്തിലമര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ഉദ്യമത്തിന് തന്റെ വിഹിതം നല്‍കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പണം പയറ്റ്. പണം പയറ്റിലൂടെ ഷാജി 27,000 രൂപ സമാഹരിച്ചു. പയറ്റില്‍ ലഭിച്ച തുകയുടെ ചെക്ക് ഷാജി കലക്ടറുടെ ചേമ്പറിലെത്തി ജില്ല കലക്ടര്‍ യു.വി ജോസിന് കൈമാറി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പയറ്റിന് കത്ത് മുഖേന വീടുകളിലേക്ക് ഗ്രാമവാസികളെ ക്ഷണിച്ചു സല്‍ക്കാരം നടത്തിയാണ് പണം സ്വരൂപിച്ചത്. വേറൂട്ട് ജി.എം യുപി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കൂടിയായ ഷാജിയോടൊപ്പം സ്‌കൂള്‍ അധ്യാപകന്‍ കെ.കെ സുരേന്ദ്രനും സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ രാജനും  സംബന്ധിച്ചു. 
 

date