Skip to main content

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേല്‍ക്കാനൊരുങ്ങി ജില്ല; ആദ്യ നവകേരള സദസ്സ് 24ന് നാദാപുരത്ത്

 

24ലെ പ്രഭാത യോഗം വടകര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍

നവ കേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കാനും നവ കേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ കോഴിക്കോട് ജില്ല ഒരുങ്ങി. നവംബര്‍ 24 മുതല്‍ 26 വരെയാണ് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കുക. വിപുലമായ സജ്ജീകരണങ്ങളാണ് നവകേരള സദസ്സുകള്‍ക്കായി മണ്ഡലങ്ങളില്‍ ഒരുങ്ങുന്നത്. 

നവംബര്‍ 24 വെള്ളിയാഴ്ച്ച രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാകും. ഒന്‍പത് മണിക്ക് നടക്കുന്ന പ്രഭാതയോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും. 

11 മണിക്ക് നാദാപുരം മണ്ഡലം നവകകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് പേരാമ്പ്ര മണ്ഡല സദസ്സ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലംതല നവകേരളസദസ്സ് വൈകുന്നേരം 4.30ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് വൈകിട്ട് ആറിന് വടകര നാരായണ നഗര്‍ ഗ്രൗണ്ടിലുമാണ് നടക്കുക.

രണ്ടാം ദിവസമായ നവംബര്‍ 25 ന് രാവിലെ ഒമ്പത് മണിക്ക് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും ബാലുശ്ശേരിയിലേത് വൈകിട്ട് മൂന്നിന് ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലും എലത്തൂര്‍ മണ്ഡലത്തിലേത് വൈകിട്ട് 4.30ന് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് വൈകിട്ട് ആറിന് കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ ഒരുമിച്ചാണ് നടക്കുക. 

മൂന്നാം ദിവസമായ 26ന് രാവിലെ ഒന്‍പത് മണിക്ക് താമരശ്ശേരി അണ്ടോണ മോയിന്‍കുട്ടി മെമ്മോറിയലല്‍ ഓഡിറ്റോറിയത്തിലാണ് പ്രഭാതയോഗം നടക്കുക. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവമ്പാടി മണ്ഡലംതല നവകേരള സദസ്സ് 11 മണിക്ക് മുക്കം ഓര്‍ഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിലും കൊടുവള്ളിയിലേത് വൈകിട്ട് മൂന്നിന് കൊടുവള്ളി കെഎംഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും കുന്ദമംഗലം മണ്ഡലത്തിലേത് 4.30ന് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രൗണ്ടിലും ബേപ്പൂര്‍ മണ്ഡലത്തിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തിലും നടക്കും. 

നവകേരള സദസ്സുകള്‍ നടക്കുന്ന വേദികളില്‍ പരിപാടിയുടെ രണ്ടു മണിക്കൂര്‍ മുമ്പ് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഓരോ മണ്ഡലത്തിലും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് മുതല്‍ പരാതികള്‍ സ്വീകരിച്ചുതുടങ്ങും. 

നവകേരള സദസ്സുകളില്‍ പൊതുജനങ്ങള്‍ക്കു പുറമെ, മണ്ഡലത്തിലെ സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായെത്തും.

date