Skip to main content
cm peravoor

ജനലക്ഷങ്ങള്‍ നല്‍കുന്നത് ധൈര്യമായി മുന്നോട്ടുപോവാനുള്ള സന്ദേശം: മുഖ്യമന്ത്രി

മലയോരം നെഞ്ചേറ്റി പേരാവൂര്‍ മണ്ഡലം നവകേരള സദസ്സ് 

നവകേരള സദസ്സിന് എത്തിയ ജനലക്ഷങ്ങള്‍ സര്‍ക്കാറിന് നല്‍കുന്നത്് ധൈര്യമായി മുന്നോട്ടുപോവൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുത്ത് ഇരിട്ടി പയഞ്ചേരി മുക്കില്‍ സംഘടിപ്പിച്ച പേരാവൂര്‍ മണ്ഡലം നവകേരള സദസ്സ് നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നല്ല വേഗതയില്‍, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന നടപടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ കേന്ദ്രം സഹായിക്കുന്നില്ലെന്ന് മാത്രമല്ല, മുടക്കുകയും ചെയ്യുന്നു. തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എല്ലാ രംഗത്തും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു. അനാവശ്യ വ്യവസ്ഥകള്‍ അടിച്ചേല്‍പിച്ച് കടം എടുക്കാന്‍ പോലും കഴിയുന്നില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതാണ്. എന്നാല്‍ കേന്ദ്രം തെററായ നടപടി എടുക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ പോലും യുഡിഎഫ് തയ്യാറാവുന്നില്ല. ഇത് നാടിനോട് കാണിക്കുന്ന ക്രൂരതയാണ്. എന്തും ഏതിനെയും എതിര്‍ക്കുക. എല്ലാത്തിനേയും അപകീര്‍ത്തിപ്പെടുത്തുക എന്ന മാനസികാവസ്ഥയോടെയാണ് പ്രതിപക്ഷം നീങ്ങുന്നത്. 
നവകേരള സദസ്സിലൂടെ ജനലക്ഷങ്ങളുമായാണ് ഇതിനകം സംവദിച്ചു കഴിഞ്ഞത്. ഈ ഊര്‍ജം കേരളത്തിന്‍േറതാണ്. നമ്മുടെ നാടിനെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നതാണ് ഇത് നല്‍കുന്ന സന്ദേശം. നമ്മുടെ നാട് പിറകോട്ടടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാറിന് ഒരു മനസ്സ്. അതേ മനസ്സാണ് കേരളത്തിലെ പ്രതിപക്ഷത്തിനും യുഡിഎഫിനും-മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഗെയില്‍ പൈപ്പ് ലൈനാണ് പ്രധാനമായി അദ്ദേഹം പറഞ്ഞത്. ഗുജറാത്തും നമ്മളും ഒന്നിച്ച് ആരംഭിച്ചതായിരുന്നു ഇത്. ഗുജറാത്തില്‍ യാഥാര്‍ഥ്യമായി. കേരളത്തില്‍ ഗെയില്‍ ഓഫീസും പൂട്ടി സ്ഥലം വിട്ടു. ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണോ എന്നതാണ് പ്രധാനമന്ത്രി ചോദിച്ച ചോദ്യം. അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഈ സര്‍ക്കാര്‍ എന്ന് മറുപടി നല്‍കി. ദേശീയപാത അതോറിറ്റിയും ഇടമണ്‍ കൊച്ചി പവര്‍ ഹൈവേയും ഇവിടെ ഒന്നും നടക്കില്ലെന്ന് കരുതി ഓഫീസും പൂട്ടി സ്ഥലം വിട്ടതാണ്. 2016ല്‍ അധികാരത്തില്‍വന്ന് സര്‍ക്കാര്‍ നാടിന്റെ വികസനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഇപ്പോള്‍ ദേശീയപാതയുടെ പ്രവര്‍ത്തനങ്ങള്‍ കണ്‍കുളിര്‍ക്കെ കാണുകയാണ് നാം. മറ്റ് രണ്ടും പൂര്‍ത്തിയായി.
മലയോര ഹൈവേയും തീരദേശ ഹൈവേയും വരുന്നു. കിഫ്ബി വഴി പതിനായിരം കോടി നാം കണ്ടെത്തി ചെലവിടുന്നു. പണി നടന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അതിവേഗതയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ദേശീയ ജലപാത. പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെ പൂര്‍ത്തിയായി. വലിയ കാലതാമസമില്ലാതെ ദേശീയ ജലപാത അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചിലയിടങ്ങളില്‍ സ്ഥലം ഏറ്റെടുക്കാനുണ്ട്. ചേറ്റുവ വരെ ഒരു പ്രയാസവുമില്ലാതെ കോവളത്തുനിന്ന് എത്തിച്ചേരാന്‍ കഴിയും. ഇതിന്റെ ഭാഗമായി 50 കിലോ മീറ്റര്‍ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒരുങ്ങും. ഈ ജലപാത ടൂറിസ്റ്റുകള്‍ക്ക് ഹരമായിരിക്കും. ഇതിന്റെ ഇടയില്‍ ഭക്ഷണം കഴിക്കാനും കലാപരിപാടികള്‍ ആസ്വദിക്കാനും പദ്ധതികള്‍ ഉണ്ടാവും. 
കേരളത്തിന്റെ ഏത് ഭാഗത്ത് പോയാലും നല്ല റോഡുകള്‍ കാണാനാവും. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോവുമ്പോള്‍ ഇടുക്കിയിലെ ആ റോഡിന്റെ മനോഹാരിത എത്ര കണ്ടാണ് ആളുകള്‍ പ്രശംസിച്ചത്. ഇതില്ലൊം ഇനിയും പുരോഗതി വേണം. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. ശബരിമലയില്‍ ഒരു വിമാനത്താവളത്തിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കമ്യൂണിക്കേഷന്‍, കാര്‍ഷികം ഏത് മേഖല എടുത്താലും വലിയ മാറ്റം ഉണ്ടായി. ലൈഫ് മിഷന്‍െ ഭാഗമായി നാല് ലക്ഷത്തോളം വീടുകള്‍ നിര്‍മ്മിച്ചു. അതില്‍ ഒരിടത്തും ലൈഫിന്റെ വീടാണെന്ന ഒരു നോട്ടീസും പതിചചിട്ടില്ല. വിവിധ ഭവന പദ്ധതികള്‍ യോജിപ്പിച്ചാണ് ലൈഫ് ആരംഭിച്ചത്. കേന്ദ്രം ഭവന നിര്‍മ്മാണത്തിന് നല്‍കിയ സഹായം ലൈഫിലേക്ക് നല്‍കിയാല്‍ മതി, കൂടുതല്‍ തുക കേരളം ഇടും എന്ന് പറഞ്ഞാണ് തുടങ്ങിയത്. ഇപ്പോള്‍ പിഎംഎവൈ പദ്ധതി പ്രകാരമുള്ള വീടുകളില്‍ ഫോട്ടോ പതിക്കണം എന്നൊക്കെ നിബന്ധന വരുന്നു. നാല് ലക്ഷം രൂപ ചെലവിടുന്ന പദ്ധതിക്ക് മുക്കാല്‍ ലക്ഷം രൂപ നല്‍കുന്നവരുടെ നോട്ടീസ് പതിക്കാന്‍ കഴിയില്ല. ഇവിടെ ആരുടെയും ഫോട്ടോ വെക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്. 2016 മുതലുള്ള കണക്കെടുത്താല്‍ മൂന്ന് ലക്ഷം പട്ടയം കൊടുത്തു. ബാക്കിയുള്ളവര്‍ക്ക് കൊടുക്കാന്‍ നടപടി സ്വീകരിക്കുന്നു. 
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാനുമായ അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി എന്‍ വാസവന്‍, ജി ആര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, ഡോ. വി ശിവദാസന്‍ എം പി, മുന്‍മന്ത്രി പി കെ ശ്രീമതി ടീച്ചര്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി രജനി (പായം), കെ പി രാജേഷ് (ആറളം), ടി ബിന്ദു (മുഴക്കുന്ന്), പി പി വേണുഗോപാല്‍ (പേരാവൂര്‍), ആന്റണി സെബാസ്റ്റ്യന്‍ (കണിച്ചാര്‍ ), സി ടി അനീഷ് (കേളകം), പി ശശി, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനറും സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാറുമായ കെ പ്രദോഷ് കുമാര്‍ സ്വാഗതവും ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത നന്ദിയും പറഞ്ഞു.
പ്രത്യേകം സജ്ജമാക്കിയ 18 കൗണ്ടറുകളിലായി 2982 പരാതികള്‍ സ്വീകരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. വന്‍ജനാവലിയാണ് ഇരിട്ടിയിലേക്ക് ഒഴുകിയെത്തിയത്. ഉദ്ഘാടനത്തിന് മുമ്പ് അര മണിക്കൂറോളം പെയ്ത കനത്ത മഴയും ജനങ്ങളുടെ ആവേശം കെടുത്തിയില്ല. കണ്ണൂര്‍ ജില്ലയിലെ അവസാനത്തെ പരിപാടിയായിരുന്നു പേരാവൂരിലേത്. നവംബര്‍ 23ന് വയനാട് ജില്ലയില്‍ നവകേരള സദസ്സ് നടക്കും.

date