Skip to main content

പേരാവൂർ മണ്ഡലം നവകേരള സദസ്സ്‌: സംസ്ഥാനത്ത് നടന്നത് സമാനതകളില്ലാത്ത വികസനം: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് നടന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പേരാവൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
വൈവിധ്യമാര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. വ്യക്തമായ നയത്തോടെയാണ് മുന്നോട്ടു പോകുന്നത്. അത്തരം പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം നോക്കാറില്ല. 489 കോടി രൂപയുടെ പദ്ധതിയാണ് ജലവിഭവ വകുപ്പ് മാത്രം പേരാവൂര്‍ മണ്ഡലത്തില്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ ബഹിഷ്‌കരണം കൃത്യമായ നിലപാടില്ലാത്തതിനാല്‍: മന്ത്രി റോഷി അഗസ്റ്റിന്‍

പ്രതിപക്ഷ അംഗങ്ങള്‍ നവകേരള സദസ്സിന് എത്താത്തത് കൃത്യമായ നിലപാടില്ലാത്തതിനാലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പേരാവൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
പ്രതിസന്ധിയിലും വികസന കാര്യങ്ങളിലും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതാണ് ധാര്‍മ്മികത. നവകേരള സദസ്സ് പെട്ടെന്ന് നടത്തിയ പരിപാടിയല്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എല്ലാ വകുപ്പുകളും നേരത്തെ പ്രത്യേക വര്‍ക്ക് ഷോപ്പുകള്‍ നടത്തി ആയിരക്കണക്കിന് പരാതികള്‍ പരിഹരിച്ചു. പിന്നാലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്തുകള്‍ നടത്തി. അതിന്റെ തുടര്‍ച്ചയാണ് ഈ സദസ്സ്. 
സ്‌കൂളുകള്‍ ഇപ്പോള്‍ പഴയ നിലയിലല്ല. അവയുടെ അടിസ്ഥാന സൗകര്യവും അക്കാദമിക് നിലവാരവും മെച്ചപ്പെട്ടു. ഇതോടെ കൊഴിഞ്ഞ് പോക്കിന് പകരം സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തുന്നവരുടെ എണ്ണം കൂടി. ഉന്നത വിദ്യാഭ്യാസം തേടി മലയാളികള്‍ വിദേശത്തേക്ക് പോകുകയാണ്. അതിന് പരിഹാരമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. അതോടെ മറ്റിടങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിലേക്ക് ആളുകള്‍ വരികയാണ്. 
മലയോരത്തെ പ്രധാന പ്രശ്‌നമാണ് വന്യമൃഗ ശല്യം. ഇതിന് പരിഹാരമായി വനം വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹായത്തോടെ സോളാര്‍ ഫെന്‍സിങ്ങ് അതിര്‍ത്തി മേഖലകളില്‍ സ്ഥാപിച്ചു. ആനശല്യം ഒഴിവാക്കാന്‍ ആറളത്ത് ആന മതില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളം വളരുമ്പോള്‍ പ്രതിപക്ഷത്തിന് നിഷേധഭാവം: മന്ത്രി വി എന്‍ വാസവന്‍

കേരളം ആഗോള തലത്തില്‍ വളരുമ്പോള്‍ പ്രതിപക്ഷം നിഷേധഭാവം സ്വീകരിക്കുന്നുവെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പേരാവൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരള സദസ്സിലൂടെയും കേരളീയം പരിപാടിയിലൂടെയും കേരളം വന്‍മുന്നേറ്റം നടത്തുമ്പോള്‍ അതു ബഹിഷ്‌കരിക്കുന്നത് ശരിയാണോയെന്നും മന്ത്രി ചോദിച്ചു. നവകേരളസദസ്സ് പ്രതിപക്ഷ എംഎല്‍മാര്‍ക്ക് അവരുടെ ജനത്തെ സാക്ഷിയാക്കി സര്‍ക്കാരിനോട് പറയാനുള്ള അവസരമായിരുന്നു. ഇത് ഉപയോഗപ്പെടുത്തിയില്ല. സര്‍ക്കാരിന്റെ ഏത് നല്ലകാര്യങ്ങളിലും ബഹിഷ്‌കരണ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. 
ആരോഗ്യ പരിപാലന രംഗത്ത് ആഗോള മാതൃക സൃഷ്ടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഭവനനിര്‍മാണ രംഗത്ത് വിപ്ലവകരമായ നേട്ടമാണ് കേരളം കൈവരിച്ചത്. നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് നിര്‍മിച്ചു നല്‍കി. വിദ്യാഭ്യാസം കച്ചവടമായിരുന്ന കാലത്ത് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ മികവാര്‍ന്ന ഇടങ്ങളാക്കി മാറ്റി. വികസന രംഗത്ത് വിസ്മയം കാഴ്ചവെച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി വാസവന്‍ പറഞ്ഞു.

date