Skip to main content

2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും - മന്ത്രി പി പ്രസാദ്

 

2025 നവംബർ ഒന്ന് ഐക്യ കേരളദിനത്തോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. വടകര നിയോജകമണ്ഡലം നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നീതി ആയോഗിന്റെ കണക്കുപ്രകാരം അതിദരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ശരാശരി 25 ശതമാനം പേർ ഉള്ളപ്പോൾ കേരളത്തിൽ കേവലം അത് 0.71ശതമാനം മാത്രമാണ്. ഇതുപ്രകാരം 64006 കുടുംബങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാര്യത്തിൽ മുഖ്യ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇന്ത്യയിലെ മറ്റേത് സർക്കാരുകൾ നൽകുതിനേക്കാൾ പരിഗണനയാണ് കേരളം അവർക്ക് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

മേഖലാതല അവലോകന യോഗങ്ങൾക്ക് ശേഷമുള്ള കണക്കുപ്രകാരം 47.8% ആളുകളെ അതി ദരിദ്ര വിഭാഗങ്ങളിൽ നിന്നും മാറ്റാൻ കഴിഞ്ഞു.മറ്റു സർക്കാറുകൾ പട്ടിണിപ്പാവങ്ങളെ മറച്ചുപിടിച്ചപ്പോൾ പട്ടിണിയെ മറച്ചു പിടിക്കുകയല്ല വേണ്ടത് മാറ്റിത്തീർക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞ് ഏക സംസ്ഥാനം കേരളമാണ്. ഇതാണ് കേരള മോഡൽ എന്നും മന്ത്രി പറഞ്ഞു.

പലതരത്തിലുള്ള രാഷ്ട്രീയ അപവാദങ്ങളിലൂടെ നവകേരള സദസ്സിനെ തകർക്കാൻ ശ്രമിച്ചു. സാധാരണക്കാരാണ് ഇവിടെ പ്രമുഖർ അവരോട് സംവദിക്കാനാണ് മന്ത്രിസഭ എത്തുന്നത്. ഇവിടെ കൂടിയിരിക്കുന്ന ജനം തെളിയിക്കുന്നത് നവ കേരള സദസ്സിന്റെ ജനകീയതയാണെന്നും മന്ത്രി കൂട്ടിചേർത്തു.

date