Skip to main content

സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ വൻ വർധന - മുഖ്യമന്ത്രി പിണറായി വിജയൻ

 

സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ എലത്തൂർ മണ്ഡല   നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 ൽ പ്രതിശീർഷ വരുമാനം 1,48,000 കോടി രൂപയായിരുന്നുവെങ്കിൽ  ഇപ്പോഴത് 2,28,000 രൂപയായി ഉയർന്നു. പ്രതിശീർഷ വരുമാനത്തിൽ വർദ്ധനവുള്ള രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത വ്യവസായ മേഖലയിൽ നല്ല ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ കയർ മേഖലയുടെ പുനരുദ്ധാരണത്തിന് 1455 കോടി രൂപ സർക്കാർ ചെലവഴിച്ചു. കശുവണ്ടി മേഖലയിൽ 640 കോടി രൂപയാണ് ചെലവഴിച്ചത്. കരകൗശല മേഖലയിൽ 47 കോടി രൂപ ലഭ്യമാക്കാനായി. കെഎസ്ആർടിസിക്ക് ഏകദേശം 10,000 കോടി രൂപ സർക്കാർ നൽകി. സംസ്ഥാനത്ത് വീടില്ലാത്തവർക്കായി ആരംഭിച്ച ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കാനായി. മൂന്നു ലക്ഷത്തോളം പേർക്ക് സംസ്ഥാനത്ത് പട്ടയം നൽകാനായി. ബാക്കിയുള്ളവർക്ക് അതിവേഗം പട്ടയം കൊടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ചെറുപ്പക്കാർക്ക് ഉദ്യോഗം ലഭിക്കുന്നതിന് പി എസ് സി ഫലപ്രദമായി ഇടപെടുകയാണ്. കഴിഞ്ഞ ഏഴു വർഷം കൊണ്ട്  2,22000 നിയമനങ്ങൾ പിഎസ് സി മുഖേന നൽകി. ആരോഗ്യ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ 2500 കോടിയോളം രൂപയിൽ എത്തി നിൽക്കുകയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ 73 ലക്ഷത്തോളം ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ 4300 കോടിയിലധികം രൂപയുടെ നിക്ഷേപം വിദ്യാലയങ്ങളിൽ ഉണ്ടായിരിക്കുന്നു. ഇതിൽ 2270 കോടി രൂപ കിഫ്‌ബി വഴി കണ്ടെത്തിയതാണ്. കേരളത്തിലെ 2300 ഓളം സ്കൂളുകൾക്കാണ് ഇതിന്റെ ഗുണം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക മേഖല വമ്പിച്ച വളർച്ചാ നിരക്കാണ് നേടിയത്. രണ്ട് ശതമാനം  മാത്രമായിരുന്ന കാർഷിക വളർച്ച നിരക്ക് ഇരട്ടിയിൽ അധികമായി മാറി. നേരത്തെ ഒരു ലക്ഷത്തി എഴുപതിനായിരം ഹെക്ടർ സ്ഥലത്തായിരുന്നു നെൽകൃഷി നടന്നതെങ്കിൽ ഇപ്പോൾ അത് രണ്ടര ലക്ഷം ഹെക്ടർ സ്ഥലത്തേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു.
നെല്ലിന്റെ ഉൽപാദന ക്ഷമതയും നല്ലതുപോലെ വർധിച്ചു. പച്ചക്കറി ഉത്പാദന രംഗത്ത് അഭൂത പൂർവ്വമായ വളർച്ചയാണ് കേരളം നേടിയത്.
2016 ൽ 7 ലക്ഷം മെട്രിക് ടൺ പച്ചക്കറി ആണ് ഉത്പാദിപ്പിച്ചതെങ്കിൽ 2022 ൽ 
16 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പ്പാദിപ്പിക്കാനായി. പച്ചക്കറി കൃഷിയുടെ കാര്യം പരിശോധിച്ചാൽ നേരത്തെ അറുപതിനായിരം ഹെക്ടർ ആയിരുന്നുവെങ്കിൽ ഇപ്പോൾ ഒരു ലക്ഷത്തി ഇരുപതിനായിരം ഹെക്ടറായി വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടി മേഖലയുടെ വികസനത്തിൽ വലിയ മുന്നേറ്റമാണ് സർക്കാർ നടത്തിയത്. 2022 ൽ പതിനേഴായിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് കോടി രൂപയുടെ ഐടി വഴിയുള്ള കയറ്റുമതിയാണ് നടന്നത്.
 ഐടി പാർക്കുകളിലെ കമ്പനികളുടെ എണ്ണവും വലിയ തോതിൽ വർധിച്ചു.
ഏഴുവർഷംകൊണ്ട് കേരളത്തിലെ ഐടി മേഖലയിൽ 62,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
75 ലക്ഷം ചതുരശ്ര അടി ഐ ടി സ്പേസ്  വർധിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു. രണ്ട് പുതിയ ഐടി പാർക്കുകൾ വരുന്നു. ഐ ടി കോറിഡോറുകൾ വരാൻ പോകുന്നുണ്ടെന്നും മിഖ്യമന്ത്രി പറഞ്ഞു.

കിഫ്‌ബി മുഖേന കഴിഞ്ഞ ഏഴ് വർഷം കൊണ്ട് പശ്ചാത്തല സൗകര്യ വികസനത്തിനായി അഡ്മിനിസ്ട്രേറ്റീവ്  അംഗീകാരം കൊടുത്ത പദ്ധതികൾ 62324 കോടി രൂപയുടെതാണ് നടപ്പാക്കിയത്.
ഏഴു വൻകിട പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഇരുപതിനായിരം കോടി രൂപ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സൃഷ്ടി എന്ന ഉദ്ദേശത്തോടെയാണ് മുന്നോട്ട് പോകുന്നത്. വികസനത്തെ കുറിച്ചുള്ള വലിയ കാഴ്ചപ്പാടാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷയായിരുന്നു. മന്ത്രിമാരായ കെ രാജൻ, വി.എൻ വാസവൻ, വീണാ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. എലത്തൂർ മണ്ഡലം നവ കേരള സദസ്സ്  നോഡൽ ഓഫീസർ പി ടി പ്രസാദ് സ്വാഗതവും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും പറഞ്ഞു.

date