Skip to main content

നവകേരള സദസ്സിൽ എത്തുന്ന എല്ലാ നിവേദനങ്ങളിലും സർക്കാർ ശ്രദ്ധയെത്തും- മന്ത്രി റോഷി അഗസ്റ്റിൻ 

 

നവകേരള സദസ്സിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ നിവേദനങ്ങളിലും സർക്കാരിന്റെ ശ്രദ്ധയെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പതിനായിരക്കണക്കിന് പരാതികളാണ് ഇത്തരത്തിൽ പരിഹരിക്കപ്പെടുകയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നോർത്ത് സൗത്ത് മണ്ഡലങ്ങളുടെ നവ കേരള സദസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച നിലയിൽ അടിസ്ഥാനസൗകര്യങ്ങൾ രൂപപ്പെടുത്തി ഉയർന്ന അക്കാദമിക നിലവാരം കൈവരിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് സാധിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് സർക്കാർ വിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റം ഉണ്ടായി. വിദേശ രാജ്യങ്ങളോട് കിടപിടിക്കാൻ കഴിയുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ രംഗം മാറി.

കേരളത്തിന്റെ ആരോഗ്യരംഗം മാതൃകയാണ്. സമാനതകളില്ലാത്ത വികസനമാണ് ഉണ്ടായത്. മുഴുവൻ സർക്കാർ ആശുപത്രികളിലും വളർച്ച ദൃശ്യമാണ്. കോവിഡ് കാലത്ത് പോലും ഒരു കുടുംബത്തെയും പട്ടിണിയില്ലാതെ കാക്കാൻ സർക്കാരിന് സാധിച്ചു. വ്യവസായ സൗഹൃദ സംസ്ഥാനമായി മാറാൻ കേരളത്തിന്‌ സാധിച്ചു. ഒന്നര ലക്ഷത്തോളം സംരംഭങ്ങൾ രൂപപ്പെടുത്താനും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു.

62 ലക്ഷത്തോളം കുടുംബങ്ങളിലേക്ക് ക്ഷേമ പെൻഷൻ എത്തിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ആരംഭിച്ചു. ഇതെല്ലാം കേരളം കൈവരിച്ച നേട്ടങ്ങളാണ്. ജലനിധി പദ്ധതി കേരളത്തിൽ ഉടനീളം നടപ്പിലാക്കുകയാണ്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കോഴിക്കോട് ജില്ലയിൽ മാത്രം ഇതിനായി 5,000 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്.

date