Skip to main content

മുഖ്യമന്ത്രിയെ കാണാനെത്തി കുട്ടികളുടെ രാഷ്ട്രപതി 

 

കുട്ടികളുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ ആയപ്പോഴും ഇവരെയൊന്നും നേരിൽകാണാൻ കുഞ്ഞു ജ്യോതികയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ നവകേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ പലർക്കുമൊപ്പം ജ്യോതികയുടെ സ്വപ്നവും യാഥാർത്ഥ്യമായി. മുഖ്യമന്ത്രിയെ നേരിൽ കണ്ടു സംസാരിക്കണമെന്ന ദീർഘനാളായുള്ള ജ്യോതികയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനാണ്  കൊയിലാണ്ടിയിലെ സ്പോർട് കൗൺസിൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിനായി രാവിലെ ഒമ്പതുമണിക്ക് തന്നെ ജ്യോതിക നവകേരള സദസ്സ് നടക്കുന്ന കൊയിലാണ്ടിയിലെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ടി.വിയിലൂടെ മാത്രം കണ്ടിരുന്ന അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ ജ്യോതികയ്ക്ക് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയെത്തിയപ്പോൾ ഏറെ സന്തോഷത്തോടെയാണ്  മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇരിക്കുന്ന സദസ്സിലേക്ക് കയറിചെല്ലുന്നത്. ജ്യോതികയോട് കുശലാന്വേഷണം നടത്തിയ മുഖ്യമന്ത്രി ഇനിയും ഉന്നതിയിലെത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്താണ് മടക്കിയത്.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ഇത്തവണ കുട്ടികളുടെ രാഷ്ട്രപതിയായും കഴിഞ്ഞവർഷം പ്രധാനമന്ത്രിയായും ജ്യോതികയെ തിരഞ്ഞെടുത്തിരുന്നു. അപ്പോൾ മുതൽ മനസിലുള്ള ആഗ്രഹമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ നേരിൽ കാണണമെന്നത്. നവകേരളത്തിനായി നാടൊന്നിച്ചപ്പോൾ ദീർഘനാളായുള്ള ജ്യോതികയുടെ സ്വപ്നവും പൂവണിഞ്ഞു. കുനിയിൽ രവിയുടെയും സ്മിതയുടെയും മകളാണ് ജ്യോതിക. സഹോദരൻ ജിജിൻ.

date