Skip to main content

സ്വകാര്യ സ്ഥാപനങ്ങൾക്ക് 10 ലക്ഷം വരെ സബ്‌സിഡി; അനെർട്ട്-സൗരതേജസ് പദ്ധതി രജിസ്ട്രേഷൻ തുടരുന്നു

അനെർട്ട് മുഖേന ഗാർഹിക ആവശ്യങ്ങൾക്കായി  സ്ഥാപിച്ചു വരുന്ന ഓൺ-ഗ്രിഡ് സൗരോർജ നിലയങ്ങൾക്കുള്ള സബ്സിഡി പ്രോഗ്രാം 'സൗരതേജസ്' രജിസ്ട്രേഷൻ തുടരുന്നു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് 494 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 165 വീടുകളിൽ സൗരോർജ്ജനിലയം സ്ഥാപിച്ചു കഴിഞ്ഞു. 40 ശതമാനം സബ്സിഡിയോടെ സോളാർപ്ലാന്റ് സ്ഥാപിക്കാനുള്ള രജിസ്ട്രേഷൻ അനെർട്ടിന്റെ വെബ്സൈറ്റ് www.buymysun.com വഴി സൗജന്യമായി അപേക്ഷിക്കാം. ഓൺലൈനായി രജിസ്റ്റെർ ചെയ്യുമ്പോൾ ഉപഭോക്താവിന് ഇഷ്ടമുള്ള കമ്പനി തെരഞ്ഞെടുത്ത് ആവശ്യമായ കപ്പാസിറ്റിയിൽ സൗരോർജനിലയം സ്ഥാപിക്കാവുന്നതാണ്. ഇത്തരം ഓൺഗ്രിഡ് സൗരോർജനിലയം സ്ഥാപിക്കുന്നതോട് കൂടി വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവ് വരും. അധിക വൈദ്യുതി കെ എസ് ഇ ബിക്ക് വിൽക്കാം. ഗുണഭോക്താക്കൾ സബ്സിഡി കഴിഞ്ഞുള്ള തുക മാത്രമേ കമ്പനിക്ക് നൽകേണ്ടതുള്ളൂ. ഗാർഹിക ആവശ്യങ്ങൾക്ക് സൗരോർജ്ജനിലയം സ്ഥാപിക്കാൻ രണ്ട് കിലോ വാട്ട്  മുതൽ 10 കിലോ വാട്ട് വരെ പദ്ധതി മുഖേന സബ്സിഡി ലഭിക്കും. രണ്ട് കിലോ വാട്ട് സൗരോർജ്ജനിലയം സ്ഥാപിക്കുന്നതിന് 1,35,000 രൂപയാണ് ചെലവ്. 29,176 രൂപ മുതൽ 94,822 രൂപവരെ സബ്സിഡി ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടൽ, മാൾ കമേഴ്സ്യൽ സ്ഥാപനങ്ങൾക്ക് ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനൊപ്പം സൗരോർജ്ജനിലയം സ്ഥാപിക്കുന്നതിന് കുറഞ്ഞത് 20,000 രൂപ മുതൽ പത്ത് ലക്ഷം വരെ സബ്സിഡി ലഭിക്കും. ഫോൺ: 0497 2700051, 9188119413.

date