Skip to main content

താനൂരിൽ കാഴ്ചവെച്ചത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ: മന്ത്രി വി അബ്ദുറഹിമാൻ

താനൂരിൽ കാഴ്ചവെച്ചത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഉണ്യാൽ ഫിഷറീസ് സ്‌റ്റേഡിയത്തിൽ നടന്ന താനൂര്‍ മണ്ഡലം നവകേരള സദസ്സിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴര വർഷം കൊണ്ട് മികച്ച നേട്ടങ്ങൾ കൈവരിക്കാനായി. താനൂർ ഫിഷറീസ് സ്‌റ്റേഡിയം അടക്കം നാലോളം പുതിയ സ്‌റ്റേഡിയങ്ങൾ, ഒരു ഇൻഡോർ സ്‌റ്റേഡിയം, സ്‌പോർട്‌സ് കൗൺസിൽ അക്കാദമി തുടങ്ങിയവ യാതാർത്ഥ്യമാക്കാനായി. സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിനും സർക്കാർ കൂടുതൽ ശ്രദ്ധചെലുത്തി. താനൂർ ദേവദാർ ഹൈസ്‌കൂളിൽ മാത്രം 23 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. തീരദേശത്ത് മത്സ്യത്തൊഴിലാളികൾ മാത്രം പഠിക്കുന്ന ഫിഷറീസ് സ്‌കൂളിന് 21 കോടിയുടെ അടിസ്ഥാന വികസനമാണ് നടത്തിയത്. നിറമരുതൂർ ഹൈസ്‌കൂളിൽ ഇൻഡോർ സ്‌റ്റേഡിയമടക്കം യാഥാർത്ഥ്യമാക്കാൻ 12.5 കോടി രൂപയാണ് അനുവദിച്ചത്. മീനടത്തൂർ ഹൈസ്‌കൂളിന് 4.5 കോടിയുടെ വികസന പ്രവർത്തനത്തിന് അനുമതിയായിട്ടുണ്ട്. സ്വന്തമായി ടോയ്‌ലറ്റ് സൗകര്യമില്ലാതിരുന്ന പൊന്മുണ്ടം സ്‌കൂളിൽ 19.2 കോടിയുടെ പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കും. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മാറ്റംകൊണ്ടുവരാൻ സാധിച്ചു. താനൂരിൽ പുതിയ നഴ്‌സിങ് കോളജ് ആരംഭിക്കും.കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 321 കോടി രൂപ ചെലവിൽ പുതിയ ശുദ്ധജല പദ്ധതി ഈവർഷം യാഥാർത്ഥ്യമാക്കും. ഭാരതപ്പുഴയിൽ നിന്നും 13.5 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുക. ഇതോടെ മണ്ഡലത്തിലെ എല്ലായിടത്തും ശുദ്ധജലമെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

date