Skip to main content

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് മന്ത്രി എം.ബി രാജേഷ്

പ്രളയം, ഓഖി, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽപ്പെട്ട് തകർന്നടിഞ്ഞ കേരളത്തെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെ പുനർനിർമിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. നവകേരള സൃഷ്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണെന്നും മന്ത്രി പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തിന്റെ അവശേഷിപ്പുകളില്ലാത്ത രീതിയിൽ  പശ്ചാത്തല വികസനം,സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കുന്നു. വികസിത രാജ്യങ്ങളോട് കിടപിടിക്കും വിധം  കേരളത്തിന്റെ വികസനം നടപ്പാക്കാനായി.
ലൈഫ്, കെ ഫോൺ, നാഷ്ണൽ ഹൈവേ നിർമാണം, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി നാടിന്റെ സമസ്ത മേഖലകളിലും വികസനം നടപ്പിലാക്കാൻ സർക്കാറിന് കഴിഞ്ഞു.
ലൈഫ് പദ്ധതിയിലൂടെ 3,56,108 വീടുകൾ വച്ച് നൽകി. 12,500 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. വീട് എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും ആ വ്യക്തിയുടെ അവകാശത്തിനും അന്തസിനും ആത്മാഭിമാനത്തിനും വില കല്പിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 66 ലക്ഷം പേർക്ക് 57,063 കോടി രൂപ ക്ഷേമ പെൻഷനായി നൽകാൻ സർക്കാരിന് സാധിച്ചു.
തൊഴിലുറപ്പ് മേഖലയിൽ സോഷ്യൽ ഓഡിറ്റ് 100 ശതമാനം പൂർത്തിയാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയതും നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനവും കേരളമാണ്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിപ്പോർട്ട്‌ പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നടന്ന 19,644
 പി എസ് സി നിയമനത്തിൽ 15,146 നിയമനങ്ങളും കേരളത്തിലാണ്.
ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കാനാവും ഇതോടെ സാമ്പത്തിക വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ സൃഷ്ടിക്കാൻ കേരളത്തിന് കഴിയും.
മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ നിർമ്മാണവും അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ടൂറിസം മേഖലയുടെ വളർച്ച മുന്നിൽ കണ്ട് കോവളം മുതൽ ചേറ്റുവ വരെ നടപ്പിലാക്കുന്ന ജലപാത ജനുവരിയോടെ പൂർത്തിയാവും. കേരള വികസനത്തിന്റെ ബദൽ നയങ്ങളെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയെന്നതിന്റെ സ്വീകാര്യതയാണ് നവകേരള സദസ്സിലെ ജനപങ്കാളിത്വമെന്നും അദ്ദേഹം പറഞ്ഞു..

date