Skip to main content

സർക്കാർ നടപ്പാക്കുന്നത് വികസനക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ച: മന്ത്രി ജെ ചിഞ്ചുറാണി

ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.  കാലിക്കറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസന തുടർച്ച ആഗ്രഹിച്ചാണ് ജനങ്ങൾ വൻഭൂരിപക്ഷത്തിൽ ഇടതുപക്ഷ സർക്കാരിനെ വീണ്ടും തിരഞ്ഞെടുത്തത്. പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇതുവരെ നാലു ലക്ഷത്തോളം ഭവനങ്ങൾ നിർമ്മിച്ചു നൽകി. മൂന്നു ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം, വ്യവസായം, കാർഷികം തുടങ്ങി സമസ്ത മേഖലകളിലും വൻ പുരോഗതിയാണ്.
കോവിഡ് കാലത്ത് മരണസംഖ്യ കുറച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. സൗജന്യ ചികിത്സയും ഉറപ്പാക്കി. പി എച്ച് സി, സി എച്ച് സി, താലൂക്ക് - ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഹൈടെക് ആധുനിക സംവിധാനങ്ങൾ ഒരുക്കി. വിദ്യാഭ്യാസ മേഖലയിലും സമഗ്ര പുരോഗതിയാണ് കൈവരിച്ചത്.
സംസ്ഥാനം പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് അടുക്കുന്നു. മൃഗസംരക്ഷണത്തിലും  മുൻപന്തിയിലാണ്. വീട്ടുമുറ്റങ്ങളിൽ ചികിത്സ, രാത്രികാലത്ത് അടിയന്തര സേവനം ഉറപ്പാക്കൽ എന്നിവ നടപ്പാക്കി. പൂട്ടിക്കിടന്ന സ്ഥാപനങ്ങൾ തുറന്നത് ഉൾപ്പെടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ച് വ്യവസായ മേഖലയെ ശാക്തീകരിച്ചു. സംരംഭകരും സംരംഭങ്ങളും വർദ്ധിച്ചു. കഴിഞ്ഞ ആറു മാസത്തിൽ 15000 ലധികം നിയമനങ്ങൾ പി എസ് സി മുഖേന നൽകി.  സർവകലാശാലകളെ ഉന്നത നിലവാരത്തിൽ എത്തിച്ചു. എണ്ണമറ്റ വികസനക്ഷേമ പ്രവർത്തനങ്ങൾ  സാക്ഷാത്കരിച്ച് മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന് ലഭിക്കുന്ന പിന്തുണയാണ് നവകേരള സദസ്സിലെ സ്വീകാര്യതയെന്നും മന്ത്രി വ്യക്തമാക്കി.

date