Skip to main content

തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സ്‌ ജനലക്ഷങ്ങൾ സർക്കാറിന് നൽകുന്നത് ധൈര്യമായി മുന്നോട്ടുപോവൂ എന്ന സന്ദേശം: മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസ്സിന് എത്തുന്ന ജനലക്ഷങ്ങൾ സർക്കാറിന് നൽകുന്നത് ധൈര്യമായി മുന്നോട്ടുപോവൂ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നയപരിപാടികളും വികസന പ്രവർത്തനങ്ങളും ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ഓരോ ദിവസവും നവകേരള സദസ്സുകളിൽ കൂടിക്കൂടി വരുന്ന ജനക്കൂട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരപ്പനങ്ങാടി അവുക്കാദർ കുട്ടി നഹ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
നാടിനു വേണ്ടിയുള്ള, ജനങ്ങൾക്കുവേണ്ടിയുള്ള പരിപാടിയാണ് നവകേരള സദസ്സെന്ന തിരിച്ചറിവാണ് ജനങ്ങൾ ഒഴുകിയെത്തുന്നതിന് ഇടയാക്കിയത്. പണ്ടു മുതൽക്കേ വിവിധ നവോത്ഥാന സംഘടനകളുടെ സജീവമായ പ്രവർത്തനം കേരളത്തിന്റെ പ്രത്യേകതയാണ്. ഈ പ്രത്യേകത കൊണ്ടാണ് ഇന്ന് കാണുന്ന ഒരുമയും ഐക്യവും കേരളത്തിലുണ്ടായത്. കേരളത്തിലെ ഒരുമയും ഐക്യവും ചിലർക്ക് ഇഷ്ടമല്ല. മതരനിപരപേക്ഷത ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ മതനിരപേക്ഷത ഇന്ത്യയിൽ ആവശ്യമില്ല എന്നാണ് ഇക്കൂട്ടരുടെ നിലപാട്. ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമാണ് എന്നത് സ്വാതന്ത്ര്യ സമര കാലം മുതൽ പറയുന്ന ഇക്കൂട്ടർ സ്വാതന്ത്രസമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ്. ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായിരുന്നു ഇക്കൂട്ടരുടെ നിലപാട്. അവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനം വിവിധ ധാരകൾ കൂടിച്ചേർന്നതായിരുന്നു. എന്നാൽ ഈ ധാരകളുടെയെല്ലാ ലക്ഷ്യം ബ്രീട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനമായിരുന്നു. എന്നാൽ ഇതിനെയെല്ലാം തിരസ്‌കരിച്ചവരാണ് ഇന്ന് കേന്ദ്ര ഭരണത്തിലുള്ളത്.  
കുട്ടികൾ ചരിത്രവും വസ്തുതയും മനസ്സിലാക്കരുതെന്ന ഉദ്ദേശ്യത്തോടെ പാഠ പുസ്തകം തിരുത്തകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ നെടുംതൂണുകൾ തമസ്‌കരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിനെയെല്ലാം ആദ്യമായി എതിർത്ത സംസ്ഥാനം കേരളമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.  
വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക എന്നതാണ് മതനിരപേക്ഷതയുടെ ഉരക്കല്ല്. എന്നാൽ പ്രതിപക്ഷത്തിന് ഇതിന് സാധിക്കുന്നില്ല. ആഗോളീകരണത്തിന് ബദൽ നയം നടപ്പാക്കുന്നതിനാൽ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. എന്നാൽ ദരിദ്രനെ അതിദരിദ്രൻ ആക്കാനല്ല അതിദാരിദ്ര്യം പൂർണമായും ഇല്ലായ്മ ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. ക്രൂരമായ അവഗണനയാണ് കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്നത്. നികുതി വിഹിതം, ഗ്രാന്റുകൾ, കടത്തിന്റെ പരിധി തുടങ്ങി ഓരോ രംഗത്തും കേരളത്തിന് കുറവ് വരുത്തുകയാണ്. 57,000 കോടിയിൽപരം രൂപയുടെ കുറവാണ് സംസ്ഥാനത്തിന് വരുത്തിയത്. ഇക്കാര്യമെല്ലാം ജനസമക്ഷം അവതരിപ്പിക്കാനാണ് നവകേരള സദസ്സ് സംഘടിപ്പിച്ചത്. നഷ്ടപ്പെടുന്ന പണം നമ്മുടെ എല്ലാവരുടേതും കൂടിയാണ്. എന്നിട്ടും പ്രതിപക്ഷം ഈ പരിപാടിയെ ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവർ കോവിൽ, സജി ചെറിയാൻ, ജി.ആർ അനിൽ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ കെ.രാജൻ, വി.എൻ വാസവൻ, ആന്റണി രാജു, പി.രാജീവ്, കെ.രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, വീണാ ജോർജ്, പ്രൊഫ. ആർ ബിന്ദു, കെ.എൻ.ബാലഗോപാൽ, എം.ബി. രാജേഷ്, പി.പ്രസാദ്, ജെ ചിഞ്ചു റാണി, പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, വി.അബ്ദുറഹിമാൻ, വി. ശിവൻ കുട്ടി എന്നിവർ സന്നിഹിതരായിരുന്നു. നവകേരള സദസ്സ് തിരൂരങ്ങാടി നോഡൽ ഓഫീസർ ശ്രീജയ സ്വാഗതവും തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് നന്ദിയും പറഞ്ഞു.

 

date