Skip to main content

വെറും വാക്കുകളല്ല, ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ

വെറും വാക്കുകളല്ല, വികസനത്തിന്റെ ചരിത്രനേട്ടങ്ങളാണ് സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ളതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ പാത തുടങ്ങിയ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 25% ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പിൽ ദേശീയ പാത 66 പദ്ധതിക്ക് പുതുജീവൻ വെച്ചത്. വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാർഥ്യമായതോടെ വിപുലമായ രീതിയിൽ കണ്ടെയ്നറുകൾ എത്തിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്. മൂന്നു കപ്പലുകളാണ് ഇതുവരെ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞത്. ഈ രീതിയിലുള്ള ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്.
മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. അധിനിവേശ ശക്തികൾക്കെതിരേ സന്ധിയില്ലാ സമരം നടത്തിയ മലപ്പുറത്തിന്റെ പോരാട്ടവീര്യം ഏറെ പ്രശസ്തമാണ്. ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരത്തിൽ ജില്ലാ പൈതൃക മ്യൂസിയം ആരംഭിച്ചു. മലപ്പുറത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജില്ലയിൽ 40 സ്മാർട്ട് വില്ലേജുകൾ സ്ഥാപിച്ചു. 22736 പേർക്ക്  പട്ടയം വിതരണം ചെയ്തു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പട്ടയ വിതരണം ഊർജിതമാക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 2022-23 വർഷം  1,39840 സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു. മലപ്പുറം ജില്ലയിൽ മാത്രം 12428 സംരംഭങ്ങൾ ആരംഭിച്ചു. 812.07 കോടി തൊഴിൽ നിക്ഷേപവും 28818 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങൾ ആശങ്കപ്പെട്ടപ്പോഴെല്ലാം കാവൽ മാലാഖയേപ്പോലെ സംസ്ഥാന സർക്കാർ നിലകൊണ്ടു. പൗരത്വ ബിൽ കേരളത്തിൽ നടപ്പാക്കില്ല എന്ന ഉറച്ച നിലപാട് സ്വീകരിച്ചു. ഏക സിവിൽ കോഡ്, പാലസ്തീൻ വിഷയത്തിലും സർക്കാർ നിലപാട് പ്രസക്തമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിലും ആനുകൂല്യ വിതരണത്തിലും കേരളം പോലെ ഇത്രയധികം ജാഗ്രത പുലർത്തുന്ന മറ്റൊരു സംസ്ഥാനമില്ല. ഭവന നിർമ്മാണ പദ്ധതികൾ, സ്കോളർഷിപ്പുകൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ നിരവധി പദ്ധതികളാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സർക്കാർ നടപ്പാക്കുന്നത്.
സുരക്ഷിതത്വം ഈ സർക്കാരിന്റെ വാഗ്ദാനമാണ്. കൊല്ലത്ത് കാണാതായ കുട്ടിയെ ഉടൻ കണ്ടെത്താൻ കഴിഞ്ഞത് ഈ വാഗ്ദാനത്തിന്റെ നിർവഹണമാണ് ഇതുവഴി തെളിയിക്കപ്പെടുന്നത്. സംസ്ഥാനത്ത് എല്ലാവരും സുരക്ഷിതരാണെന്ന സന്ദേശമാണ് ഇതു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകചരിത്രത്തിൽ പുതിയ ഇതിഹാസം എഴുതിച്ചേർക്കുകയാണ് നവകേരള സദസ്സ്. നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്കിടയിലേക്ക് എത്തുകയാണ്. ഈ മുന്നേറ്റത്തെ പച്ച കള്ളങ്ങൾ കൊണ്ട് തടയാൻ ചിലർ ശ്രമിക്കുകയാണ്. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിക്കാനുള്ള അവസരമാണ് പരിപാടി ബഹിഷ്കരിക്കുന്നവർ നഷ്ടപ്പെടുത്തുന്നത്. കേരളം പ്രതിസന്ധികളെ നേരിട്ടപ്പോൾ ശക്തമായ ഭരണകൂടം അവയെ അതിജീവിച്ചു. നവകേരളാ മുന്നേറ്റത്തിൽ ആരും അസ്വസ്ഥരാകേണ്ടതില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടെ 7633 കോടി രൂപയാണ് സർക്കാർ ജനങ്ങൾക്ക് സഹായമായി വിതരണം ചെയ്തത്. സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിൽ 576 34 കോടി രൂപയാണ് ഇക്കാലയളവിൽ വിതരണം ചെയ്തത്. കഴിഞ്ഞ മുന്നു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉടൻ വിതരണം ചെയ്യും. കേരളത്തിനുള്ള സഹായങ്ങൾ കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുകയാണ്. 2023 ൽ മാത്രം 57400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചതെന്നും മന്ത്രി പറഞ്ഞു.

 

date