Skip to main content

2025 കേരളപ്പിറവിയോടെ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റും: മന്ത്രി കെ രാജൻ

2025 കേരള പിറവിയോടെ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. വേങ്ങര മണ്ഡലം നവകേരള സദസ്സ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 64,006 പേരാണ് കേരളത്തിൽ അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റും. നവകേരള സദസ്സിലൂടെ പരാതികൾ സ്വീകരിക്കുക മാത്രമല്ല ചെയ്യുന്നത്. പരാതി നൽകുന്നവർക്ക് അതിന്റെ തുടർനടപടികളെ പറ്റി കൃത്യമായ വിശകലനം നടത്താനും കഴിയും. മണ്ഡലത്തിലും ജില്ലയിലുമായി തീർപ്പിക്കാൻ പറ്റുന്ന പരാതികൾ ഒരു മാസത്തിനകത്തും സംസ്ഥാനത്തുമായി തീർപ്പാക്കാൻ പറ്റുന്നവ 45 ദിവസത്തിനകവും തീർപ്പാക്കും. എല്ലാവർക്കും ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം, എന്നിവ നൽകാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ബൃഹത്തായ പദ്ധതികൾ നടപ്പാക്കി വരികയാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനാധിപത്യത്തിന്റെ തുറന്ന വേദിയാണ് ജനസദസ്സ്. നവകേരളം ബഹിഷ്‌കരിച്ചവരെ ജനം ബഹിഷ്‌കരിക്കുന്ന കാഴ്ചയാണ് ഓരോ വേദിയിലും കാണാനാവുന്നത്. നവകേരളത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണിതെന്നും മന്ത്രി പറഞ്ഞു.

date