Skip to main content

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹാക്കത്തോൺ സംഘടിപ്പിക്കുന്നു

 

മാലിന്യസംസ്‌കരണ രംഗത്തെ  പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്‌നങ്ങൾക്കു നൂതനാശങ്ങൾ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്, കില, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, ക്‌ളീൻ കേരള കമ്പനി എന്നിവ സംയുക്തമായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു.

മാലിന്യ സംസ്‌കരണ മേഖലയിൽ, നൂതനാശയരൂപീകരണ പ്രക്രിയയിലൂടെ പരിഹാരം തേടേണ്ട വിഷയങ്ങളെ മുൻനിർത്തി, സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സ്റ്റാർട്ട്അപ്പുകളെയും ആശയദാതാക്കളെയും ഉൾപ്പെടുത്തി, സാങ്കേതിക മികവും സാമൂഹ്യ സ്വീകാര്യതയും ഉള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. 

മാലിന്യ സംസ്‌കരണത്തിനുള്ള സാങ്കേതിക വിദ്യകൾ, മാലിന്യം കൈകാര്യം ചെയ്യൽ, മാലിന്യം വേർതിരിക്കൽ, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകൾ, മാലിന്യസംസ്‌കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കൽ, വീണ്ടെടുക്കൽ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകൾ, വിഭവ പുനരുപയോഗവും പരിപാലനവും എന്നീ വിഷയ മേഖലകളിൽ ഉൾപ്പെടുന്ന മുപ്പതിലധികം പ്രശ്‌നങ്ങൾക്കാണ് ഹാക്കത്തോൺ വഴി പരിഹാരം തേടാൻ ശ്രമിക്കുന്നത്. നവംബർ 3-നു ആരംഭിച്ച ഹാക്കത്തോൺ പ്രക്രിയ 2024 ഫെബ്രുവരിയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാൻ സാധിക്കുന്ന പരിഹാരങ്ങളാക്കി മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. ഡിസംബർ മൂന്ന് വരെ സ്റ്റാർട്ട്അപ്പുകൾക്കും, സ്ഥാപനങ്ങൾക്കും ആശയദാതാക്കൾക്കും നൂതനാശയ പരിഹാരങ്ങൾ https://kdisc.innovatealpha.org എന്ന പോർട്ടൽ വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 7592071540

date