Skip to main content
ലോട്ടറി തൊഴിലാളികളായ വനിതകൾ  നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് വനിതാ കമ്മീഷൻ കണ്ണൂരിൽ നടത്തിയ പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ലോട്ടറി മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ: സർക്കാരിന് റിപ്പോർട്ട് നൽകും-വനിതാ കമ്മിഷൻ

ലോട്ടറി വിൽക്കുന്ന വനിതകളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ലോട്ടറി തൊഴിലാളികളായ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ക്ഷേമ പദ്ധതികൾ, ക്ഷേമനിധി അംഗത്വം, ആനുകൂല്യങ്ങൾ തുടങ്ങിയ വ സംബന്ധിച്ച് ലോട്ടറി തൊഴിലാളികൾക്ക് ബോധവത്കരണം നൽകണമെന്ന് വനിതാ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകും. ഖജനാവിലേക്ക് ഏറ്റവും വരുമാനം സ്വരൂപിച്ചു നൽകുന്ന ലോട്ടറി തൊഴിലാളികൾ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ലോട്ടറി വിൽപന ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിലേക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യുന്നതിന് നിരവധി വനിതകളാണ് കടന്നു വരുന്നത്. വിവിധ തൊഴിൽ മേഖലകളിലേക്ക് കടന്നുവരുന്ന വനിതകളെ പൊതുസമൂഹം പിന്തുണയ്ക്കണം. ലോട്ടറി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ക്ഷേമ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നിരവധി പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും അതിജീവിച്ചാണ് ലോട്ടറി വിൽപ്പന നടത്തുന്ന വനിതകൾ മുന്നോട്ടു പോകുന്നത്. കുഞ്ഞിനെ മാറോടണച്ച് ലോട്ടറി വിൽപന നടത്തി ഉപജീവനം നടത്തുന്ന നിരവധി വനിതകളുണ്ട്.
തൊഴിൽ ചെയ്യുന്ന സ്ത്രീയെ അന്തസ്സോടെ, ആത്മാഭിമാനത്തോടെ കാണുന്ന വീക്ഷണഗതി സമൂഹത്തിലുണ്ടാകണം. മോശമായ പെരുമാറ്റമുണ്ടായാൽ നിയമ നടപടി സ്വീകരിക്കാൻ സ്ത്രീക്ക് അവകാശമുണ്ട്. തൊഴിലിടത്തിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശം നിയമം ഉറപ്പു നൽകുന്നുണ്ട്. പത്തിൽ കുറവ് തൊഴിലാളികൾ ഉള്ള അസംഘടിതരായവർക്ക് പരാതികൾ ജില്ലാ കളക്ടർക്ക് നൽകാമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
ലോട്ടറി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ വനിതാ കമ്മിഷൻ നേരിട്ടെത്തിയതിനെ അഭിനന്ദിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. എല്ലാ മേഖലയിലും കേരളം നമ്പർ വൺ ആണെങ്കിലും സ്ത്രീകളോടുള്ള സമീപനത്തിൽ പിന്നിലാണ്. ലോട്ടറി വിൽപന നടത്തുന്ന സ്ത്രീകൾ ധൈര്യശാലികളാണ്. മോശമായി പെരുമാറാൻ ഒരുങ്ങുന്നവരെ നോട്ടം കൊണ്ട് വിലക്കണമെന്നും കണ്ണുകൾ നല്ല ആയുധമാണെന്നും അവർ പറഞ്ഞു.
വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, ജൻഡർ റിസോഴ്‌സ് പേഴ്‌സൺ ഡോ.ടി.കെ. അനന്ദി, കണ്ണൂർ വെൽഫെയർ ഓഫീസർ ടി. പ്രദീപൻ, ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ, ലോട്ടറി തൊഴിലാളി യൂണിയൻ എഐടിയുസി കണ്ണൂർ ജില്ലാ സെക്രട്ടറി ടി. നാരായണൻ, ലോട്ടറി തൊഴിലാളി യൂണിയൻ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി സെക്രട്ടറി പി.വി. സജേഷ്, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ സംസാരിച്ചു. വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന ചർച്ച നയിച്ചു.

date