Skip to main content
തീരദേശ ക്യാമ്പിന്റെ ഭാഗമായി അഴീക്കോട് അത്മ വിദ്യാമന്ദിറിൽ ഗാർഹിക അതിക്രമങ്ങളിൽ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ഗാർഹിക  ഉത്തരവാദിത്തങ്ങൾ പങ്കുവെക്കപ്പെടണം: അഡ്വ. പി. സതീദേവി

ഗാർഹികമായ ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കപ്പെടണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ ക്യാമ്പിന്റെ ഭാഗമായി അഴീക്കോട് ആത്മ വിദ്യമന്ദിറിൽ ഗാർഹിക അതിക്രമങ്ങളിൽ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
അഡ്ജസ്റ്റ് ചെയ്തു ജീവിക്കണമെന്ന് പെൺകുട്ടികളോട് പറയുന്നത് സ്ത്രീ വിരുദ്ധ നിലപാടിന്റെ ഭാഗമാണ്. വീട്ടിലും പോലീസ് സ്റ്റേഷനിലും പെൺകുട്ടികളോട് ഇങ്ങനെ പറയാറുണ്ട്. അതേസമയം, ആൺകുട്ടികളെ മേധാവിത്വ മനോഭാവത്തോടെയാണ് വളർത്തുന്നത്. കോവിഡ് കാലത്ത് ഗാർഹിക പീഡനങ്ങൾ വർധിച്ചത് ആശയ വിനിമയത്തിന്റെ അപര്യാപ്തത മൂലമാണ്. ജനാധിപത്യ ബോധം വീട്ടിലുണ്ടാകണം. വനിതാ, ശിശു, ഭിന്നശേഷി സൗഹൃദമായി നാട് മാറണം. ദുർബല വിഭാഗത്തിനു മുകളിൽ അധിപത്യം സ്ഥാപിക്കാനാണ്് അതിക്രമങ്ങൾ നടത്തുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവം മാറുകയാണ്. ക്രൂരമായ രീതിയിലാണ് സ്ത്രീകളെ ഉപദ്രവിക്കുന്നത്. കുടുംബശ്രീ ഉൾപ്പെടെ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ള സാമൂഹികമായ മാറ്റങ്ങളെ ശക്തിപ്പെടുത്തണം. വീടിന്റെ അകത്തളങ്ങളിലാണ് ഈ മാറ്റം ആദ്യം ഉണ്ടാകേണ്ടത്. സ്ത്രീ സംരക്ഷണത്തിനുള്ള  ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. ഇതു സംബന്ധിച്ച് വനിതകൾക്ക് കൃത്യമായ അവബോധം നൽകുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. ശക്തമായ നിയമം നിലനിൽക്കുമ്പോഴും പഴുതുകൾ ഉപയോഗപ്പെടുത്തി കുറ്റവാളികൾ രക്ഷപെടുന്നത് ഗൗരവതരമാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.  
  അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രസന്ന മണികണ്ഠൻ ക്ലാസ് നയിച്ചു. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള, അഴിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റീന, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, ഫിഷറീസ് ഓഫീസർ ജുഗ്‌നു എന്നിവർ സംസാരിച്ചു.

date