Skip to main content

കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ്‌ ദേശീയ മെഡൽ നേടാൻ ലിനാ ഫാത്തിമക്ക് വേണം സർക്കാറിന്റെ ഇടപെടൽ

ഗുസ്തി മത്സരത്തിൽ ദേശീയ മെഡൽ നേടാൻ മുഖ്യമന്ത്രിയും കായിക വകുപ്പ് മന്ത്രിയും ഇടപെടണമെന്ന ആവശ്യവുമായാണ് കൊട്ടൂക്കര പി.പി.എം.എച്ച് സ്‌കൂളിലെ ലിന ഫാത്തിമ കൊണ്ടോട്ടി നവകേരള സദസ്സിൽ എത്തിയത്. സംസ്ഥാന തലത്തിൽ തനിക്ക് ലഭിച്ച സ്വർണ മെഡലുമായാണ് ഈ പത്താം ക്ലാസ് വിദ്യാർഥിനി പരാതി കൗണ്ടറിൽ എത്തിയത്. ഏറെ നാളത്തെ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് സംസ്ഥാന ഗുസ്തി മത്സരത്തിൽ 15 വയസ്സിന് താഴെയുള്ളവരുടെ 32 കിലോ വിഭാഗത്തിൽ ലിനാ ഫാത്തിമക്ക് സ്വർണം ലഭിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ പാലക്കാട് വെച്ച് നന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലൂടെ ദേശീയ മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദേശീയ മത്സരത്തിന് തയ്യാറെടുക്കാൻ ഒരുങ്ങുമ്പോഴാണ് ചില സാങ്കേതിക കാരണങ്ങളാൽ ദേശീയ ചാമ്പ്യൻഷിപ്പ് നടത്തുന്നില്ലെന്ന് അറിയാൻ കഴിഞ്ഞത്. വയസും ഭാരവും നിശ്ചിത മാനദണ്ഡങ്ങളായി നടത്തുന്ന മത്സരമായതിനാൽ ഇത്തവണ അവസരം നഷ്ടപ്പെട്ടാൽ 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ ലിനക്ക് ഇനി മത്സരിക്കാനാവില്ല. സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും സമയബന്ധിതമായ ഇടപെടൽ നടത്തി ദേശീയ മെഡൽ എന്ന തന്റെ സ്വപ്നം പൂർത്തിയാക്കാൻ സർക്കാറിന്റെയും കായിക വകുപ്പിന്റെയും  ഉറച്ച പിന്തുണയുണ്ടാകും എന്ന വിശ്വാസത്തിലാണ് ലിന ഫാത്തിമ.

date