Skip to main content

ബില്ല് നൽകിയില്ല, കടയുടമ നഷ്ടപരിഹാരവും പിഴയും നൽകണം

കോട്ടയം: ഉപഭോക്താവിന് ബില്ല് നൽകാത്തതിന് വൈക്കം മരിയാ ഫർണിച്ചർ സ്ഥാപന ഉടമ നഷ്ടപരിഹാരവും പിഴയും നൽകാൻ ജില്ലാ  ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.  വൈക്കം ചെമ്പ് മംഗലത്ത് ജോർജ് വർഗീസ് മരിയ ഫർണീച്ചർ ഉടമയ്‌ക്കെതിരെ ബില്ല് നൽകാത്തതിനെതിരേയും കിടക്കകമ്പനി വാഗ്ദാനം ചെയ്യുന്ന വാറണ്ടി നഷ്ടപ്പെടുമെന്നും ആരോപിച്ച് നൽകിയ പരാതിയിലാണ് നടപടി. 5000 രൂപ നഷ്ടപരിഹാരം നൽകുവാനും 5000 രൂപ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ നിയമസഹായ ഫണ്ടിലേക്ക് ഒടുക്കുവാനും ഉത്തരവായി. ഉപഭോക്തൃസംരക്ഷണനിയമപ്രകാരം ഉത്പന്നത്തിന്റെ ഗുണനിലവാരവും അളവും വിലയും അറിയാനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടെന്നും വിറ്റ ഉത്പന്നത്തിന്റെ വിലയും വിശദവിവരങ്ങളും കാണിച്ചുള്ള ബിൽ നൽകാത്തത് വഴി ഈ അവകാശം നിഷേധിച്ചെന്നും അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ വിലയിരുത്തി. ബിൽനൽകാത്തതുവഴി മരിയാ ഫർണിച്ചർ നിയമവിരുദ്ധമായ അനുചിത വ്യാപാരനയം പിന്തുടർന്നെന്നും കമ്മിഷൻ കണ്ടെത്തി. 30 ദിവസത്തിനകം പരാതിക്കാരന് ബില്ലും നഷ്ടപരിഹാര തുകയും നൽകിയില്ലെങ്കി നഷ്ടപരിഹാര തുകയ്ക്ക് ഒമ്പത് ശതമാനം പലിശ കൂടി നൽകണമെന്നും കമ്മീഷൻ ഉത്തരവായി.
 

date