Skip to main content

ക്യാമ്പസസ്‌ ഓഫ്‌ കോഴിക്കോട്‌ സ്റ്റുഡന്റ്സ്‌ കോൺക്ലേവ്‌ ഇന്ന് (തിങ്കൾ)

 

മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജുകൾക്കുള്ള പുരസ്കാരങ്ങൾ  വിതരണം ചെയ്യും

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘ക്യാമ്പസസ്‌ ഓഫ്‌ കോഴിക്കോട്‌’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കോളേജ്‌ യൂണിറ്റുകളിലെയും സ്റ്റുഡന്റ്‌ കോർഡിനേറ്റർമാരുടെ ഏകദിന സംഗമം - വാർഷിക 'സ്റ്റുഡന്റ്സ്‌ കോൺക്ലേവ്‌’ ഇന്ന്  (ഡിസംബർ 4) കോഴിക്കോട് സിവിൽ സ്റ്റേഷൻ പ്ലാനിങ്ങ് സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് . ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് കോൺക്ലേവ്‌.  

ചടങ്ങിൽ 2022 - 23 അദ്ധ്യയന വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജ് യുണിറ്റുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഒപ്പം ഗ്രീൻ, ലഹരി വിരുദ്ധ അംബാസഡർ പ്രഖ്യാപനവും പദ്ധതി മാന്വൽ, മാസാന്ത ന്യൂസ് ലെറ്ററിന്റെ ആദ്യ പതിപ്പിന്റെയും പ്രകാശനങ്ങളും  നിർവഹിക്കും. 

ഭിന്നശേഷി വിഭാഗങ്ങളുടെ ശാക്തീകരണം, മാലിന്യ സംസ്കരണം, ശുചിത്വ അവബോധം, ജനകീയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സാമൂഹ്യ സംരംഭകത്വം തുടങ്ങിയവയാണ് പരിപാടിയിലെ മുഖ്യ ചർച്ചാ വിഷയങ്ങൾ.

ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ കോൺക്ലേവ് ചർച്ച ചെയ്യും. വിവിധ സെഷനുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാലിയേറ്റീവ്‌ മെഡിസിൻ ടെക്നിക്കൽ അഡ്വൈസർ  ഡോ. സുരേഷ്‌, കമ്പോസിറ്റ്‌ റീജ്യണൽ സെന്റർ ഡയറക്ടർ ഡോ. കെ.എൻ റോഷൻ ബിജ്‌ലി, ഗ്രീൻ വേംസ്‌ സി.ഇ.ഒ. ജാബിർ കാരാട്ട്‌, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് അസി. ഡയറക്ടർ പൂജ ലാൽ കെ.എ.എസ്., ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാജേന്ദ്രൻ വി., വിമുക്തി ജില്ലാ കോർഡിനേറ്റർ പ്രിയ ഇ., നെസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് യൂനുസ്, ഹരിയാലി സി.ഇ.ഒ. മണലിൽ മോഹനൻ, വേങ്ങേരി നിറവ് കോർഡിനേറ്റർ ബാബു പറമ്പത്ത് എന്നിവർ ചർച്ചകൾ നയിക്കും. തുടർന്ന്‌ കോളേജ്‌ യൂണിറ്റുകൾ നടപ്പിലാക്കേണ്ട ത്രൈമാസ കർമ്മപദ്ധതിക്ക്‌ കോൺക്ലേവ് രൂപം നൽകും. 

ഒപ്പം ലഹരി വിരുദ്ധ എക്സിബിഷനും, സ്വീപ് വോട്ടർ എൻറോൾമെൻ്റ് കിയോസ്കും, ലഹരിക്കെതിരെ കയ്യൊപ്പ് 'ട്രീ ഓഫ് ഹോണർ' തുടങ്ങിയവയും  ഒരുക്കുന്നുണ്ട്. 

സാമൂഹ്യ നീതി, നശാ മുക്ത് ഭാരത് അഭിയാൻ, ശുചിത്വ മിഷൻ, നവ കേരള മിഷൻ, തദ്ദേശ സ്വയം ഭരണം, സ്വീപ് , വിമുക്തി എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ്‌ സ്റ്റുഡൻ്റ്സ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

date