Skip to main content

നവകേരള സദസ്സ്: ജില്ലയിൽ അന്തിമ സമയക്രമമായി

ആലപ്പുഴ: ഡിസംബർ14,15,16 തീയതികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ അന്തിമ സമയക്രമമായി. ജില്ല കളക്ടർ ജോൺ വി. സമുവലിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ഒരുക്കങ്ങൾ സംബന്ധിച്ച് യോഗം ചേർന്നു. എം.എൽ.എ.മാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, മണ്ഡലതല കമ്മിറ്റി കൺവീനർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബർ 14 ന് ഉച്ചയ്ക്ക് ശേഷം  വൈക്കത്ത് നിന്ന് എത്തുന്ന മുഖ്യമന്ത്രിയും സംഘവും  തവണക്കടവ്  ഫെറിയിലൂടെ ജില്ലയിൽ പ്രവേശിക്കും. അരൂരിൽ നവകേരള സദസ്സ് വേദിയായ അരയൻകാവിൽ മുഖ്യമന്ത്രി 4: 30 ന് എത്തും.  മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ വേദിയിൽ പരിപാടികൾ ആരംഭിക്കും. മുഖ്യമന്ത്രി എത്തുന്നതിനു മുൻപ് മൂന്നു മന്ത്രിമാർ പ്രസംഗിക്കും. ശേഷം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.

ചേർത്തല മണ്ഡലത്തിലെ നവകേരള സദസ്സിനായി സെൻറ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി ആറുമണിക്ക് എത്തും. വേദിയിൽ പരിപാടികൾ അഞ്ചുമണിക്ക് മുൻപ് ആരംഭിക്കും.  ആലപ്പുഴ ഗവൺമെൻറ് ഗസ്റ്റ് ഹൗസിലാണ് അന്നുരാത്രി മുഖ്യമന്ത്രി താമസിക്കുക. 

15-ന് രാവിലെ 9 മണിക്ക് ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ   മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാത യോഗത്തിൽ  പങ്കെടുക്കും.

അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിൽ നിന്നായി സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 300-ഓളം പേർ യോഗത്തിൽ പങ്കെടുക്കും. ഇവർക്കൊപ്പമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാത ഭക്ഷണം കഴിക്കുക. തുടർന്ന് മുഖ്യമന്ത്രി ഇവരുമായി സംവദിക്കും.  ശേഷം വാർത്ത സമ്മേളനം നടത്തും. 11 മണിക്ക് എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിൽ ആലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സിനായി മുഖ്യമന്ത്രി എത്തും. പരിപാടികളും പരാതി സ്വീകരിക്കലും ഇവിടെ നേരത്തെ ആരംഭിക്കും.
 രണ്ടര മണിക്ക് കപ്പക്കട മൈതാനത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ സദസ്സ് ആരംഭിക്കും.  മുന്ന് മണിക്ക് മുഖ്യമന്ത്രി എത്തും. വൈകിട്ട് 4: 30ന് നെടുമുടിയിൽ ഇന്ത്യൻ ഓയിൽ പമ്പിനു സമീപമുള്ള മൈതാനത്തിൽ കുട്ടനാട് മണ്ഡലത്തിലെ സദസ്സിനായി മുഖ്യമന്ത്രി എത്തും. ഹരിപ്പാട് മണ്ഡലത്തിലെ സദസ്സിനായി ആറുമണിക്ക് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ മുഖ്യമന്ത്രി എത്തും. ഇവിടെ രണ്ടിടത്തും മന്ത്രിമാരുടെ പ്രസംഗവും പരിപാടികളും നേരത്തെ ആരംഭിക്കും. കായംകുളത്തെ എൻ.ടി.പി.സി. ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി അന്ന് രാത്രി താമസിക്കുക.
 
16-ന് രാവിലെ 9 മണിക്ക് ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഭാതയോഗം നടക്കും. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ നിന്നായി സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചുള്ള 300-ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. പ്രഭാത യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രി സഭാംഗങ്ങളും ഇവർക്കൊപ്പം ഭക്ഷണം കഴിക്കും. തുടർന്ന് അംഗങ്ങളുമായി സംവദിക്കും. ശേഷം  വാർത്ത സമ്മേളനം നടത്തും.

കായംകുളം മണ്ഡലത്തിലെ നവ കേരള സദസ്സ് 11:00 മണിക്ക് എൽമെക്സ് മൈതാനത്ത് നടക്കും. മന്ത്രിമാരുടെ പ്രസംഗവും പരിപാടികളും നേരത്തെ ആരംഭിക്കും.  മാവേലിക്കര ഗവൺമെൻറ് ഹൈസ്കൂളിൽ രണ്ടുമണിക്ക്  മണ്ഡലത്തിലെ നവകേരള സദസ്സ് ആരംഭിക്കും. മൂന്നുമണിക്ക്  മുഖ്യമന്ത്രി എത്തും. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ്  മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക. മൂന്നുമണിക്ക് പരിപാടികൾ ആരംഭിക്കും. 4.30 ന് മുഖ്യമന്ത്രി സദസ്സിനെത്തും. കലാപരിപാടികൾ നേരത്തെ തന്നെ ആരംഭിക്കും.
ജില്ലയിലെ നവകേരള സദസ്സിനുശേഷം സംഘം തിരുവല്ലയിലേക്ക് തിരിക്കും. ഓരോ വേദിയിലും മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപ് പരിപാടികൾ ആരംഭിക്കുന്ന വിധമാണ് ഓരോ മണ്ഡലത്തിലെയും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.  മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് മൂന്നു മന്ത്രിമാർ പ്രസംഗിക്കും. ശേഷം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വിധമാണ് ഇതുവരെ നവകേരള സദസ്സ് നടന്ന ഇടങ്ങളിലെ ക്രമീകരണമെന്ന് ജില്ല കളക്ടർ വിശദീകരിച്ചു.

date