Skip to main content

നവകേരളസദസ് ഡിസംബർ 12 മുതൽ ജില്ലയിൽ; മന്ത്രിസഭ നിയമസഭാ മണ്ഡലത്തിൽ

 

  • മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യമെത്തുന്നത് പൂഞ്ഞാറിൽ

കോട്ടയം: ജില്ലയിലെ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതുജനങ്ങളുമായി നേരിട്ടു സംവദിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന നവകേരളസദസിന് ഡിസംബർ 12ന് കോട്ടയം ജില്ലയിൽ തുടക്കമാകും. ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിൽ ഡിസംബർ 12 മുതൽ 14 വരെ  മൂന്നു ദിവസങ്ങളിലായാണ് നവകേരള സദസ്. ഇതോടനുബന്ധിച്ച് വിവിധമേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാതയോഗവും നടക്കും.

ഡിസംബർ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലെ നവകേരളസദസിലാണ് മുഖ്യമന്ത്രി ആദ്യമെത്തുന്നത്. തുടർന്ന് വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും വൈകിട്ട് അഞ്ചിന് പാലാ നിയോജകമണ്ഡലത്തിലേത് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലും നടക്കും.
 രണ്ടാം ദിനമായ ഡിസംബർ 13ന് കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിൽ രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, എറ്റുമാനൂർ നിയമസഭാ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയുമായി സംവദിക്കും.
 തുടർന്ന് ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂൾ മൈതാനത്ത് രാവിലെ 10നും പുതുപ്പള്ളിയിൽ പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ  ഉച്ചകഴിഞ്ഞ് രണ്ടിനും നവകേരള സദസ് നടക്കും. വൈകിട്ട് നാലിന് ചങ്ങനാശ്ശേരി എസ്.ബി. കോളജ് ഗ്രൗണ്ടിലും വൈകിട്ട് അഞ്ചിന് കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലുമാണ് നവകേരള സദസ് നടക്കുക.
 ഡിസംബർ 14ന് രാവിലെ ഒൻപതിന് കുറവിലങ്ങാട് മാർത്തമറിയം ഫൊറോന പള്ളി പാരിഷ് ഹാളിലെ പ്രഭാതയോഗം നടക്കും. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ പങ്കെടുക്കും. തുടർന്ന് 11ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ നവകേരള സദസ് കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തും ഉച്ചകഴിഞ്ഞ് മൂന്നിന്    വൈക്കത്തേത് വൈക്കം ബീച്ചിലും നടക്കും. തുടർന്ന് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.

 

date