Skip to main content

എല്ലാ ജനങ്ങളെയും ഒരേ മനസ്സോടെ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

 

ജാതി മത ഭദേമില്ലാതെ എല്ലാ ജനങ്ങളെയും ഒരേ മനസ്സോടെ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചുവപ്പു നാടയില്‍ ജീവിതം കുടുങ്ങിക്കിടക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും ഇതിന്റെ ഭാഗമായാണ് നവകേരള സദസ്സടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊടുപുഴ ഗാന്ധി സ്‌ക്വയര്‍ മൈതാനത്ത് നടന്ന തൊടുപുഴ നിയോജക മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തെ സര്‍വ്വ മേഖലയിലും വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ ഉന്നത അക്കാദമിക, അടിസ്ഥാന സൗകര്യങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാറിനായി. ടൂറിസം, ആരോഗ്യം, വ്യവസായം, തൊഴില്‍ തുടങ്ങി സര്‍വ്വ മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളെയും കടത്തി വെട്ടുന്നതാണ്. വ്യവസായ സൗഹൃദമായ സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. 11,000 കോടി രൂപയുടെ നിക്ഷേപവും നാലു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സംസ്ഥാനത്തിനായി.
ജാതിമത ഭേദമില്ലാതെ എല്ലാ ജനങ്ങളെയും ഒരേ മനസ്സോടെ പരിഗണിക്കുകയും അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്ത സര്‍ക്കാറാണിത്. നാടിന്റെ സര്‍വ്വോന്മുഖമായ വികസനത്തിനായി നിരവധി പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാറിനായി.
ഇടുക്കി ജില്ലയിലെ ജനങ്ങളുടെ കാലങ്ങളായി ഉയര്‍ന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സര്‍ക്കാറിനായി. ഭൂഭേദഗതി ചട്ടം രൂപപ്പെടുത്തി. ജില്ലയിലെ എം.വി.ഐ.പി ഭൂമിയില്‍ ഒരിഞ്ചു പോലും വനം വകുപ്പിന് വിട്ടു കൊടുക്കില്ല. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ മാത്രം 2820 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ 241.67 കോടി രൂപ കുടിവെള്ള പദ്ധതിക്കായി അനുവദിച്ചു. നബാര്‍ഡ് വഴി 61 കോടി രൂപയും അമൃത് പദ്ധതിയിലൂടെ 41 കോടി രൂപയും കിഫ്ബി വഴി 25 കോടി രൂപയും തൊടുപുഴ മണ്ഡലത്തില്‍ കുടിവെള്ള പദ്ധതിക്കായി അനുവദിച്ചു. മലങ്കരയില്‍ പുതിയ ടൂറിസം പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കും.
രാജ്യത്ത് വര്‍ഗീയത പടരുകയും ജനാധിപത്യവും മതേതരത്വും തൂത്തെറിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെയും മതേതരത്വത്തിന്റെയും പച്ചത്തുരുത്തായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.
 

date