Skip to main content

കേരളത്തെ ലോകത്തിന് മാതൃകയാക്കി കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി വി. അബ്ദുറഹിമാന്‍

 

കേരളത്തെ ലോകത്തിന് മുന്നില്‍ മാതൃകയായി കൊണ്ടു വരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുമ്പെങ്ങുമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ നടപ്പാക്കിയതെന്നും സംസ്ഥാന കായിക വഖഫ് ഹജ്ജ് തീര്‍ഥാടന വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. തൊടുപുഴ ഗാന്ധി സ്‌ക്വയര്‍ മൈതാനത്ത് നടന്ന തൊടുപുഴ നിയോജക മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നവകേരള സൃഷ്ടിക്കായി പുതിയ ആശയങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് നവകേരള സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളെ നേരിട്ട് കണ്ട് അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയാണ്. ഓരോ സദസ്സിലും വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. ഇത് സര്‍ക്കാറിന് നല്‍കുന്നത് ധൈര്യമായി മുന്നോട്ടു പോവാനുള്ള സന്ദേശമാണ്. സര്‍ക്കാറിന് മുന്നില്‍ നിവേദനങ്ങളായും പരാതികളായും ജനങ്ങള്‍ നല്‍കുന്ന ഓരോന്നിലും സമയബന്ധിതമായി പരിഹാരം കാണും. സുതാര്യമായ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. അഴിമതി രഹിത ഭരണ സംവിധാനം സംസ്ഥാനത്ത് ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുക എന്നതാണ് സര്‍ക്കാര്‍ നയം.
ഓഖി, നിപ, പ്രളയം, കോവിഡ് ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലെല്ലാം ജനങ്ങളെ ചേര്‍ത്ത് പിടിക്കാന്‍ ഈ സര്‍ക്കാറിന് സാധിച്ചു.. ജനങ്ങളുടെ ഒട്ടേറെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിനായി. ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ കേരളം മറ്റെല്ലാവര്‍ക്കും മാതൃകയാണ്. 64 ലക്ഷം പേര്‍ക്കാണ് കേരളം ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. 43 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂലം ലഭിക്കുന്നത്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ വിപ്ലവകരമായ വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടപ്പാക്കിയത്. 2868 പട്ടയങ്ങളാണ് മണ്ഡലത്തില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് വിതരണം ചെയ്തത്. ലൈഫ് മിഷന്‍ വഴി 3738 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 8746 വീടുകളുടെ നിര്‍മാണം നടക്കുന്നു. ജില്ലയിലെ ആദ്യത്തെ സ്‌പൈസസ് പാര്‍ക്ക് മുട്ടത്ത് ആരംഭിച്ചു.
രാജ്യത്തൊട്ടാകെ വര്‍ഗീയത പടര്‍ന്നു പിടിക്കുമ്പോഴും ഒരു വര്‍ഗീയ കലാപം പോലും വരാതെ കേരളത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
 

date