Skip to main content

ശുചിത്വ സുന്ദരം നവകേരളസദസ്സ്; മാതൃകയായി ഹരിതകര്‍മസേന

 

തൊടുപുഴ മണ്ഡലത്തിലെ നവകേരളസദസില്‍ പിഴവില്ലാത്ത ശുചീകരണപ്രവര്‍ത്തനങ്ങളുമായി മാതൃകയായി ഹരിതകര്‍മസേന. നവകേരള സദസ്സ് സമ്പൂര്‍ണ ശുചിത്വം പാലിച്ചു കൊണ്ടായിരിക്കണം സംഘടിപ്പിക്കേണ്ടത് എന്ന നിര്‍ദേശം അക്ഷരംപ്രതി പാലിച്ചു കൊണ്ടായിരുന്നു ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം.
ഗാന്ധി സ്‌ക്വയറില്‍ നടന്ന സദസില്‍ ജനനായകരെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൈതാനം സദാ ശുചിയായി സൂക്ഷിക്കാന്‍ തൊടുപുഴ നഗരസഭയിലെ 67ഓളം ഹരിതകര്‍മസേനാ പ്രവര്‍ത്തകരാണ് ഊര്‍ജസ്വലരായി രംഗത്തിറങ്ങിയത്. സദസ്സിനെത്തിയ ജനാവലി ഉപേക്ഷിച്ച ജൈവ, അജൈവ മാലിന്യങ്ങള്‍ സമയാസമയം ഇവര്‍ ശേഖരിച്ച്, തരം തിരിച്ചു. ഭക്ഷണമാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ വേദിക്കു മുന്‍വശത്തായി ശുചിത്വ മിഷന്‍ റിംഗ് കമ്പോസ്റ്റും സ്ഥാപിച്ചിരുന്നു. മറ്റ് ജൈവമാലിന്യങ്ങള്‍ എംസിഎഫിലേക്ക് മാറ്റുന്നതിനും സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഒപ്പം അപേക്ഷകളുമായി എത്തിയവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഇവര്‍ വിതരണം ചെയ്തു. സദസ്സിന് ശേഷം രാത്രി ഏറെ വൈകിയും കര്‍മനിരതരായിരുന്ന ഹരിതകര്‍മസേനാംഗങ്ങളുടെ കൂടി വിജയമാണ് തൊടുപുഴ നിവാസികള്‍ ആഘോഷമാക്കിയ നവകേരളസദസ്.

 

date