Skip to main content

സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളയ്ക്കുമ്പോള്‍ 

 

സ്വപ്രയത്‌നത്താല്‍ ആകാശത്തോളം പറന്ന സജി ജീവിത സ്വപ്നങ്ങള്‍ക്ക് ചിറക് തേടി നവകേരള സദസിലെത്തി. തൊടുപുഴ തട്ടക്കുഴ സ്വദേശിയായ സജി ജന്മനാ ബധിരനും മൂകനുമാണ്. എന്നാല്‍ തന്റെ ബലഹീനതകളെ നിര്‍മാണ വൈദഗ്ധ്യത്തിന്റെ കണക്കുകളില്‍ കൈപ്പിടിയിലാക്കിയാണ്  ഇയാള്‍ പറന്നത്. ചെറുപ്പം മുതലേ ഇലക്ട്രിക് ജോലികളില്‍ കമ്പക്കാരനായിരുന്നു സജി. 2004 ആണ് ഹെലികോപ്റ്റര്‍ നിര്‍മിച്ചത്. ഒട്ടനവധി പരാധീനതകളെ അതിജീവിച്ച് നിര്‍മിച്ച കോപ്റ്റര്‍ കോട്ടയത്തെ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജിന് വിറ്റു. പിന്നീട് കുറച്ചു കാലം ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് വിമാന യന്ത്ര ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്ന ജോലി ചെയ്തു.2014 ലാണ് ചെറുവിമാനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് തിരുനല്‍വേലി അംബാസമുദ്രത്തില്‍ റിട്ട. വിങ്ങ് കമാന്‍ഡര്‍ എസ് കെ ജി നായര്‍ സജിയെ ഒപ്പമിരുത്തി വിമാനം പറപ്പിച്ചു. തുടര്‍ന്ന് ചെറുവിമാന രജിസ്‌ട്രേഷനായി ശ്രമിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം സാധിച്ചില്ല.
2019 ല്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എം എം മണിയുടെ ഇടപെടലില്‍ തിരുവനന്തപുരം രാജീവ് ഗാന്ധി വ്യോമായന പരിശീലന കേന്ദ്രത്തിലും സജി കുറച്ചു കാലം ജോലി നോക്കിയിരുന്നു.
ഒരു ജോലിയാണ് സജിക്ക് ഇപ്പോള്‍ ആവശ്യം. അതിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അപേക്ഷയും നല്‍കി.

date