Skip to main content
പൂഞ്ഞാര്‍ മണ്ഡലത്തില്‍ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ നടന്ന നവകേരള സദസില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പ്രസംഗിക്കുന്നു

സര്‍ക്കാര്‍ നടപ്പാക്കുന്നത് സമാനതകളില്ലാത്ത  വികസന പ്രവര്‍ത്തനനം:  മന്ത്രി ജി.ആര്‍. അനില്‍

 

കോട്ടയം: സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും നാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുവാനുമാണ്  ഈ നവകേരള സദസിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന്  ഭക്ഷ്യ സിവില്‍ സപ്ലൈസ്- ഉപഭോക്തൃകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ നടന്ന നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെച്ചത്. നാടിന്റെ വികസന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനാവശ്യമായ രൂപരേഖയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ  പൊതു വിദ്യാഭ്യാസ രംഗത്ത്  വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ ഒരു സംസ്ഥാനം കേരളമാണ്. അതിന്റെ ഫലമായി പൊതു വിദ്യാഭ്യാസ രംഗത്തേക്ക് 11 ലക്ഷം വിദ്യാര്‍ത്ഥികളാണ്  തിരികെ എത്തിയത്. മൂന്നര ലക്ഷം പേര്‍ക്ക് സ്വന്തമായി ഭൂമി എന്ന സ്വപ്നം ഈ സര്‍ക്കാരിലൂടെ സാക്ഷാത്കരിച്ചു. നാല് ലക്ഷം പേര്‍ക്ക് സ്വന്തമായി വീട് ലഭിച്ചു. പട്ടിണി ഇല്ലാത്ത, വിശപ്പ് രഹിത കേരളം എന്നതാണ് ഈ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. 

അര്‍ഹതയുള്ള മൂന്ന് ലക്ഷത്തോളം പേര്‍ക്ക്  മുന്‍ഗണന കാര്‍ഡ് നല്‍കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാകാന്‍ പാടില്ല. 2024 നവംബര്‍ ഒന്നാകുമ്പോഴേക്കും അതിദാരിദ്രരില്ലാത്ത കേരളമായി മാറ്റും. 64 ലക്ഷം കുടുംബങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ ഈ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 7600 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയിരിക്കുന്നത്. കാര്‍ഷിക രംഗത്തെ കര്‍ഷകരെ സഹായിക്കാന്‍ കഴിയുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 50,000 ഹെക്ടര്‍ തരിശു നിലങ്ങളിലാണ് ഇന്ന് കൃഷി ചെയ്യുന്നത്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വില നല്‍കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാനത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരടി പോലും സര്‍ക്കാര്‍ പിറകോട്ടില്ല. വികസനത്തിന് വേണ്ടി കേരളത്തിലെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

date