Skip to main content

ശരണബാല്യം; മോചിപ്പിച്ചത് ഏഴ് കുട്ടികളെ

ബാലവേല-ബാലവിവാഹരഹിത കേരളം ലക്ഷ്യമിട്ട് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച 'ശരണബാല്യം' പദ്ധതിയിൽ മൂന്ന് മാസത്തിനിടെ രക്ഷിച്ചത് ഏഴ് കുട്ടികളെ. 2023 സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇവരെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളുടെ സംരക്ഷണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ബാലവേല, ബാലവിവാഹം എന്നിവ കണ്ടെത്താൻ ലക്ഷ്യമിട്ട് 12 പരിശോധനകളാണ് ഇക്കാലയളവിൽ നടത്തിയത്. എ.ഡി.എം എൻ.എം മെഹറലിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ശരണബാല്യം പദ്ധതി അവലോകനം ചെയ്തു.
പുൽപ്പറ്റ പഞ്ചായത്തിലെ അടക്കാകളത്ത് 14നും 18നും ഇടയിലുള്ള ഇതര സംസ്ഥാനക്കാരായവർ ജോലി ചെയ്യുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയതായി ജില്ലാ ശിശുസംരക്ഷണ ഓഫീസർ യോഗത്തിൽ അറിയിച്ചു. ഇവിടെ ജോലി ചെയ്യുന്ന 18നു താഴെയുള്ള പെൺകുട്ടികൾ വിവാഹിതരാണെന്നും മൂന്ന് മുതൽ ആറ് മാസം വരെ ജോലി കാലയളവായതിനാൽ അവരെ സ്‌കൂളിൽ വിടാൻ കഴിയുന്നില്ലെന്നും തൊഴിൽ ഉടമകളിൽ നിന്നും വിവരം ലഭിച്ചതായും അവർ പറഞ്ഞു. ബാലവിവാഹം ജില്ലയിൽ കുറവാണെന്നും അപൂർവമായി ചില പ്രദേശങ്ങളിൽ നടക്കുന്നുണ്ടെന്നും ഇത് തടയാൻ ബോധവത്കരണം നടത്തണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബാലികവിവാഹം തടയുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഷാജിത ആറ്റശ്ശേരി, തദ്ദേശസ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളി, ജില്ലാ ലേബർ ഓഫീസർ വി.പി ശിവരാമൻ, സബ് ഇൻസ്പെക്ടർ സി.പി പ്രദീപ് കുമാർ, ലീഗൽ സർവീസ് അതോറിറ്റി നോഡൽ ഓഫീസർ വി അരുൺ, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം അഡ്വ. പി ജാബിർ, ബച്ചൻ ബച്ചാവോ ആന്തോളൻ പ്രതിനിധി മരിയ ഇമാനുവൽ, ഡി.ഡി.ഇ ഓഫീസ് ജൂനിയർ സൂപ്രണ്ട് അബ്ദുള്ള അൻസാരി, പ്രൊട്ടക്ഷൻ ഓഫീസർ മുഹമ്മദ് ഫാസിൽ പുല്ലാട്ട്, റസ്‌ക്യൂ ഓഫീസർ പി.എം ആതിരി, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ മുഹമ്മദ് ഷാഹിദ്, അസി. ലേബർ ഓഫീസർ അബിത പുഷ്പോധരൻ എന്നിവർ പങ്കെടുത്തു.
ബാലവേല; വിവരം നൽകിയാൽ 2500 രൂപ
ബാലവേല നടക്കുന്നതായി വിവരം നൽകിയാൽ 2500 രൂപ പ്രതിഫലം ലഭിക്കും. വിവരം നൽകുന്ന വ്യക്തി ആരാണെന്നുള്ളത് വെളിപ്പെടുത്തില്ല. കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് (0483 2978888, 8281899469) ചൈൽഡ് ഹെൽപ്ലൈൻ (1098) എന്നീ നമ്പറുകളിൽ അറിയിക്കാം.

 

date