Skip to main content
വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസാരിക്കുന്നു

അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിനായി കേരളം തയാറെടുക്കുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍

 

അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിനായി കേരളം തയാറെടുക്കുകയാണെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

 തിരുവല്ല നിയോജകമണ്ഡലത്തിലെ എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലയിലെ ആദ്യ നവകേരളസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നവംബറോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. കൃത്യമായ പദ്ധതികളിലൂടെ വലിയ രീതിയിലുള്ള ശ്രമങ്ങളാണ് അതിനായി നടത്തിവരുന്നത്.
കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവര്‍ക്ക് മികച്ച ജീവിതം ഉറപ്പാക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷനിലൂടെ സര്‍ക്കാര്‍ വലിയ പരിശ്രമം നടത്തുന്നു. കുട്ടികളുടെ ആശയങ്ങള്‍ ഉത്പ്പന്നങ്ങളാക്കി മാറ്റി ആധുനികലോകമാക്കി നാടിനെ ഉയര്‍ത്തും. ഐടി മേഖലയിലെ ചെറുപ്പക്കാര്‍ക്കും, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹായത്തോടെ ജോലി സാധ്യതകള്‍ ഉറപ്പാക്കുമെന്നും ലോകോത്തരസ്ഥാപനങ്ങള്‍ ആരംഭിച്ച് ജോലിസാധ്യതകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല ബൈപാസും, മലയോരഹൈവേയും വലിയ മാറ്റമാണ് പത്തനംതിട്ടയില്‍ സൃഷ്ടിച്ചത്. യാത്രാസൗകര്യങ്ങളുടെ വികസനം നാടിന്റെ മുഖച്ഛായ മാറ്റുകയും വാണിജ്യസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ആറ് വരി പാതയും , ശബരിമല എയര്‍പോര്‍ട്ടും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും. യാത്രാസൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ എത്താനുള്ള സൗകര്യമാണ് വിഴിഞ്ഞം തീരത്ത് ഒരുക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചതും ആദ്യ കപ്പല്‍ തീരമണഞ്ഞതും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ്.

ഈ സര്‍ക്കാരിന് ജനങ്ങളിലും ജനങ്ങള്‍ക്ക് സര്‍ക്കാരിലുമുള്ള വിശ്വാസമാണ് നവകേരളസദസ്സ് എന്ന ആശയത്തിലേക്ക് എത്താനുള്ള ആത്മവിശ്വാസമായത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അടിത്തറയായ പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക് വരാനും അഭിസംബോധന ചെയ്യാനും ഈ സര്‍ക്കാരിന് മടിയില്ല. കേരളം ഇന്ന് ചെയ്യുന്നത് നാളെ ലോകം ചിന്തിക്കുമെന്ന ചൊല്ല് അക്ഷരാര്‍ഥത്തില്‍ ശരിയാകുകയാണ്. മറ്റൊരു നാടിനും മന്ത്രിസഭ ജനങ്ങളിലേക്കെത്തിയ ചരിത്രമില്ല.
എല്ലാ നേട്ടങ്ങളുമുണ്ടായത് ജനാധിപത്യത്തോടെയാണ്. ആ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തിയെ ഒറ്റക്കെട്ടായി നേരിടാന്‍ സാധിക്കണമെന്നും ആളുകളെ സംരക്ഷിക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

date