Skip to main content
തിരുവല്ലയിലെ നവകേരളസദസില്‍ ജില്ലാ കളക്ടര്‍ എ ഷിബു പാട്ടുപാടുന്നു

നവകേരളസദസ്സ്: കലാപരിപാടികള്‍ക്ക് കൊഴുപ്പേകി ജില്ലാ കളക്ടറുടെ പാട്ട്

സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി
 മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ ജില്ലയിലെ ആദ്യവേദിയായ തിരുവല്ലയിലെ സദസ്സിന് കലാപരിപാടികളോടെ ഗംഭീര തുടക്കം. ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ പാട്ട് കൂടിയായപ്പോള്‍ സദസ് ആവേശത്തിമിര്‍പ്പിലായി. പുതുവെള്ളൈമഴൈ എന്ന പാട്ട് കൈയടിയോടെ സദസ്സ്  കേട്ടു.
സദസ്സിലേക്ക് ഒഴുകിയെത്തിയ ജനസാഗരം അക്ഷരാര്‍ഥത്തില്‍ തിരുവല്ലയെ പൂരത്തിന്റെ പ്രതീതിയിലാക്കി. വൈകുന്നേരം ആറിന് ആരംഭിച്ച സദസ്സിന് മുന്‍പ് അരങ്ങേറിയ കലാപരിപാടികള്‍ സദസിനെത്തിയ പൊതുജനങ്ങള്‍ക്ക് ഉത്സവലഹരിയാണ് സമ്മാനിച്ചത്. മൂന്നു മുതല്‍ ആരംഭിച്ച കലാവിരുന്നില്‍ ഭരതനാട്യം, സിനിമാഗാനം, സംഘനൃത്തം, പാട്ട്, വയലിന്‍-ഫ്യൂഷന്‍, കോല്‍ക്കളി, നാടന്‍പാട്ട്, ഭരതനാട്യം, സംഘനൃത്തം എന്നിവയാണ് അരങ്ങേറിയത്. ഫോക്ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ സി ജെ കുട്ടപ്പന്റെ നാടന്‍പാട്ടും അവിസ്മരണീയമായി. തിരുവല്ല സ്വദേശികളായ പയസ്, നവീന്‍ എന്നിവരാണ് വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചത്. കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്കൊപ്പം മര്‍ത്തോമകോളേജിലെ വിദ്യാര്‍ത്ഥികള്‍ ചുവട് വച്ചപ്പോള്‍ വേദി ഇളകി മറിയുകയായിരുന്നു. ഓരോ കലാപരിപാടിയും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. ജില്ലാ കളക്ടറിന്റെ മധുരക്കിനാവിന്‍ ലഹരിയിലേതോ എന്ന പാട്ടോടെയാണ് സദസ് അവസാനിച്ചത്.

 

date