Skip to main content
കതിരൂർ ചോയ്യാടം ശ്രീനാരായണമഠം C No. 41 സ്മാര്‍ട്ട് അങ്കണവാടി -പുതിയ കെട്ടിടo സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

വികസനം വേഗത്തിലാകാൻ ജനങ്ങള്‍ ഒപ്പമുണ്ടാവണം: സ്പീക്കര്‍

വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാകാന്‍ ജനങ്ങൾ ഒപ്പം ഉണ്ടാവണമെന്ന്  നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ കതിരൂരില്‍ ആരംഭിച്ച ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കണവാടി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ താല്‍പര്യമുണ്ടാക്കാന്‍ അങ്കണവാടി ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.
കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ്് അങ്കണവാടി ആരംഭിച്ചത്. മുരിക്കോളി കുഞ്ഞാപ്പു, മാധവി, ദാമോദരന്‍ മാസ്റ്റര്‍ എന്നിവരുടെ സ്മരണയ്ക്കായി കുടുംബാഗങ്ങള്‍ നല്‍കിയ ഏഴേകാല്‍ സെന്റില്‍ 32.31 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച 20 ലക്ഷം രൂപയും കതിരൂര്‍ പഞ്ചായത്ത് അനുവദിച്ച 12.31 ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 13 കുട്ടികളുള്ള അങ്കണവാടിയില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം, സ്മാര്‍ട്ട് അടുക്കള തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി എ ബിന്ദു പദ്ധതി വിശദീകരിച്ചു. കതിരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്് പി പി സനില്‍, പാനൂര്‍ ബ്ലോക്ക് ഡിപിഒ എ പി പ്രസന്ന, കതിരൂര്‍ ശ്രീനാരായണ മഠം പ്രസിഡണ്ട് മുരിക്കോളി രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date