Skip to main content
ഭിന്നശേഷിക്കാരുടെ അവകാശ നിയമവും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന ജില്ലാ തല ബോധവല്‍ക്കരണ പരിപാടി ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ അവകാശ നിയമവും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ തല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. എ എസ് പി  പി കെ രാജു അധ്യക്ഷത വഹിച്ചു.

ഭിന്നശേഷി അവകാശനിയമം-2016 എന്ന വിഷയത്തില്‍ വയനാട് എല്‍ എല്‍ സി നാഷണല്‍ ട്രസ്റ്റ് മുന്‍ കണ്‍വീനര്‍ എം സുകുമാരന്‍ ക്ലാസ്സെടുത്തു. ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളും സേവനങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി കെ നാസര്‍ വിശദീകരിച്ചു. വിദ്യാകിരണം, വിദ്യാജ്യോതി, പരിണയം, പരിരക്ഷ തുടങ്ങിയ പദ്ധതികളാണ് വിശദീകരിച്ചത്. ഭിന്നശേഷിക്കാരായവര്‍ക്ക് സമൂഹത്തില്‍ തുല്യത ഉറപ്പാക്കാനും യാതൊരു വിവേചനവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാനും കൊണ്ടുവന്ന സുപ്രധാന നിയമമാണ് 2016ലെ ഭിന്നശേഷി അവകാശനിയമം. സമൂഹത്തില്‍ അക്രമങ്ങളോ വിവേചനങ്ങളോ നേരിടുന്ന പക്ഷം ഐ പി സി സെക്ഷന്‍ കൂടാതെ ഭിന്നശേഷി അവകാശ നിയമം കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടെന്നും അതിനെ കുറിച്ച് കൃത്യമായ അവബോധം നല്‍കുകയാണ് ക്ലാസ്സിന്റെ ലക്ഷ്യമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു പറഞ്ഞു. ഭിന്നശേഷി നിയമപ്രകാരം കേസെടുക്കുകയാണെങ്കില്‍ പ്രത്യേക കേസായി പരിഗണിക്കാം. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി- 3 ആണ് ഇതിനായി അനുവദിച്ച പ്രത്യേക കോടതി.

ആദ്യഘട്ടമായിട്ടാണ് പോലീസുദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി ഓരോ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പിന്നീട് മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ബോധവല്‍ക്കരണം നടത്തും.

സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഒ വിജയന്‍, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ജയകുമാര്‍, ജില്ലാതല ഭിന്നശേഷി ഉപദേശക സമിതി അംഗങ്ങളായ പി വി ഭാസ്‌കരന്‍, എം പി കരുണാകരന്‍, ടി എന്‍ മുരളീധരന്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date