Skip to main content

അർബൻ കമ്മീഷൻ രൂപീകരണം ചരിത്രപരമായ തീരുമാനം:മന്ത്രി എം ബി രാജേഷ്

2035-ഓടെ കേരളത്തിലെ 93 ശതമാനം ജനങ്ങളും നഗരവാസികൾ ആയിത്തീരുമെന്ന പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നഗരവികസനത്തിനായി അർബൻ കമ്മീഷൻ രൂപീകരിച്ചു കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനം  ചരിത്ര സംഭവമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.ലൈഫ് സയൻസ് പാർക്കിൽ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ  വിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള കമ്മീഷൻ നഗര സമൂഹമെന്ന രീതിയിൽ നാം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനാവശ്യമായ നടപടികൾക്ക് സംസ്ഥാനത്തെ സഹായിക്കും. നവകേരളം എന്ന ചോദ്യത്തിന് ഏറ്റവും മികച്ച ഉത്തരമാണ് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കെന്ന് മന്ത്രി  പറഞ്ഞു.80,000 സ്ക്വയർ ഫീറ്റിൽ ലോകനിലവാരത്തിലുള്ള 16 ലബോറട്ടറികൾ ഇവിടെ പ്രവർത്തിക്കുന്നു.  എൺപതോളം വൈറൽ രോഗനിർണയം നടത്തുന്നതിനും മരുന്ന് ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യമാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്. പകർച്ചവ്യാധികളുടെ പുതിയകാലത്ത് ഗവേഷണ ചികിത്സാ സൗകര്യങ്ങളും അഡ്വാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും കേരളത്തിന് മുതൽക്കൂട്ടാകും. 

നാഷണൽ ഹൈവേ, തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് നടക്കുന്നത്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി വിജയകരമായി പൂർത്തീകരിക്കുവാൻ സംസ്ഥാന സർക്കാരിനായി. ഡിജിറ്റൽ സയൻസ് പാർക്ക് ,ഡിജിറ്റൽ യൂണിവേഴ്സിറ്റി നിർമ്മാണം എന്നിവ പൂർത്തിയാവുകയാണ്

ഇന്ന് കേരളം ചെയ്യുന്നത് നാളെ ഇന്ത്യ ചിന്തിക്കും എന്ന  വാചകത്തെ അന്വർഥമാക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്.  ഇന്ത്യ സ്കിൽസ് റിപ്പോർട്ടനുസരിച്ച് യുവജനങ്ങൾ തൊഴിൽ ചെയ്യാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സംസ്ഥാനം കേരളമാണ്.  യുവജനങ്ങൾക്ക് തൊഴിലെടുക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട നഗരം തിരുവനന്തപുരവും സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട നഗരം കൊച്ചി ആണെന്നതും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇന്ത്യ സ്കിൽ റിപ്പോർട്ടിൽ ഉന്നതവിദ്യാഭ്യാസമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അസാപ് പദ്ധതിയെ  പ്രത്യേകം അഭിനന്ദിക്കുന്നു.  കമ്പ്യൂട്ടർ ,ഇംഗ്ലീഷ് പരിജ്ഞാനമുള്ള സമൂഹത്തിലും കേരളം മുൻപന്തിയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാലിന്യമുക്ത നവകേരളം അസാധ്യമല്ല എന്ന നിലയിലേക്ക് ഇന്ന് മാറിയിരിക്കുന്നു. 33,000 വരുന്ന ഹരിതകർമ്മസേന കേരളത്തിന്റെ ശുചിത്വ സൈന്യമായി  മാലിന്യനിർമ്മാർജ്ജനത്തിൽ പങ്കാളികളാവുകയാണ് എന്നാൽ മാലിന്യനിർമാർജ്ജനത്തിലും സംസ്കരണത്തിലും പൊതുസമൂഹത്തിന്റെയും വ്യക്തികളുടെയും പങ്കുണ്ട് എന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം. ബ്രഹ്മപുരത്ത് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയുടെ മാലിന്യ സംസ്കരണത്തിനായി 100 കോടിയോളം രൂപ അനുവദിക്കുകയാണ്. ബി പി സി എലുമായി സഹകരിച്ച്  ബയോഗ്യാസ് പ്ലാൻറ് നിർമാണം പൂർത്തീകരിക്കും.
ജനുവരി ഒന്നുമുതൽ പുതുവർഷ സമ്മാനം എന്ന രീതിയിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്ന കെ സ്മാർട്ട് നിലവിൽ വരും. മൊബൈൽ ആപ്ളിക്കേഷനിലൂടെ കെട്ടിട പെർമിറ്റ് , വിവാഹ രജിസ്ട്രെഷൻ അടക്കമുള്ള സേവനങ്ങൾ മൊബൈലിൽ ലഭ്യമാകും.ചട്ടം അനുസരിച്ചുള്ള അപേക്ഷകൾക്ക് 30 സെക്കൻഡിനുള്ളിൽ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത് പൊതുജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും  2021ഏപ്രിൽ ഒന്നുമുതൽ 941 ഗ്രാമപഞ്ചായത്തുകളിലും ഈ പദ്ധതി ലഭ്യമാകും.  ഗ്രാൻഡുകൾ വായ്പാ , പരിധിയിലെ കുറവ്, നികുതിവരുമാനം  എന്നിവ ഗണ്യമായി കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യത്തിലാണ്  സംസ്ഥാനസർക്കാർ കടന്നുപോകുന്നത് കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അർഹിക്കുന്ന നികുതി വരുമാനങ്ങളും ഗ്രാൻഡുകളും ലഭ്യമാക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് തയ്യാറാകണം.  മാനവികതയുടെയും വികസനത്തിന്റെയും നല്ല നാളുകൾ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് നവകേരള സദസ്സ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ജനങ്ങളുടെ വൻ തോതിലുള്ള പങ്കാളിത്തത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

date