Skip to main content

നന്നായി പ്രവര്‍ത്തിക്കുന്നതിനാലാണ് മന്ത്രിസഭയ്ക്ക് ജനങ്ങളിലേക്ക് ഇറങ്ങാന്‍ കഴിയുന്നത്: മന്ത്രി കെ. എന്‍ ബാലഗോപാല്‍

ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കി നന്നായി പ്രവര്‍ത്തിക്കുന്നതിനാലാണ് മന്ത്രിസഭയ്ക്ക് ജനങ്ങളിലേക്ക് ഇറങ്ങാന്‍ കഴിയുന്നതെന്ന്  മന്ത്രി കെ. എന്‍ ബാലഗോപാല്‍. നെടുമങ്ങാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന ആത്മവിശ്വാസമുള്ള സര്‍ക്കാരിനേ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയൂ. ആ ആത്മവിശ്വാസമാണ് ജനങ്ങളുടെ സ്‌നേഹമായി നവകേരള സദസ്സിലൂടെ കാണാന്‍ കഴിയുന്നത്. ജില്ലയിലെ വികസനത്തിന്റെ പട്ടിക വളരെ വലുതാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ റോഡുകളുടെ നിലവാരം മാത്രം മതി ഇത് മനസ്സിലാക്കാന്‍. വിഴിഞ്ഞം തുറമുഖം ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ മുഖച്ഛായ മാറ്റും. 25000 കണ്ടെയ്‌നറുകള്‍ ഉള്‍ക്കൊള്ളുന്ന കപ്പലാണ് വിഴിഞ്ഞത്ത് വരുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും സാധാരണക്കാരന്റെയും ജീവിതത്തിലേക്ക് കടന്നു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേത്. വീടില്ലാത്ത ഒരാളുമില്ലാത്ത ലോകത്തെ അത്യപൂര്‍വ്വ സ്ഥലമായി കേരളം മാറാന്‍ പോവുകയാണ്. നമുക്ക് അര്‍ഹമായ പണം കിട്ടാത്തത് വികസന പ്രവര്‍ത്തനങ്ങളെ  ഗുരുതരമായി ബാധിക്കുന്നുണ്ട്. നികുതി വഹിതത്തില്‍ വര്‍ഷം 42000 കോടി രൂപയാണ് നമുക്ക് ലഭിക്കേണ്ടത്. ഇതിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്നത്. ഈ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് നവകേരള സദസ്സിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

date