Skip to main content

നാടിന്റെ മുന്നേറ്റത്തെപ്പറ്റി കാഴ്ചപ്പാടുള്ള സമൂഹമായി കേരളം മാറി: മന്ത്രി റോഷി അഗസ്റ്റിന്‍

നാടിന്റെ മുന്നേറ്റത്തെപ്പറ്റി കാഴ്ചപ്പാടുള്ള സമൂഹമായി കേരളം മാറിയെന്നും നവകേരള സദസ്സിനുള്ള ജന പിന്തുണ ഇതിന്റെ തെളിവാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍.  നെടുമങ്ങാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളസദസ്സിലൂടെ ആവലാതികള്‍ മാത്രമല്ല പങ്കുവെയ്ക്കപ്പെടുന്നത്. നാടിന്റെ ഭാവിക്കാവശ്യമായ നല്ല ആശയങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. നവകേരള സദസ്സിനോടുള്ള ബഹിഷ്‌കരണാഹ്വാനം വികലമായ രാഷ്ട്രീയമാണ്. ഏത് മേഖലയെടുത്താലും സര്‍ക്കാര്‍ സമഗ്രമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ ക്യൂ നില്‍ക്കുന്ന സ്ഥിതിയായി. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അത്രയധികം മെച്ചപ്പെട്ടു. വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാന്‍ വരികയാണ്. കോവിഡ് കാലത്ത് ജനങ്ങളെ മാറോട് ചേര്‍ത്ത സര്‍ക്കാരാണിത്. രണ്ടുവര്‍ഷത്തിനകം കേരളത്തിലെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നെടുമങ്ങാട് മണ്ഡലത്തില്‍ മാത്രം 252 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതിയായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി ജി. ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ജില്ലാ ആശുപത്രിയില്‍ മൂന്നരക്കോടിയുടെ കെട്ടിടം പണി പുരോഗമിക്കുകയാണെന്നും ആറ് നിലയുള്ള പുതിയ കെട്ടിടത്തിനായി 89.46 കോടി രൂപയുടെ ഭരണാനുമതിയായെന്നും മന്ത്രി അറിയിച്ചു. നവ കേരള സദസിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകൾ വഴി 4501 നിവേദനങ്ങൾ ലഭിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. മന്ത്രിമാരെ കൂടാതെ വിവിധ തദ്ദേശഭരണ പ്രതിനിധികൾ, സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ആട്ടം ബാന്റിന്റെ സംഗീത പരിപാടിയും അരങ്ങേറി.

date