Skip to main content

കടൽക്കരുത്ത് വിളിച്ചോതി ഐഎൻഎസ് കബ്രയും ഐസിജിഎസ് ആര്യമാനും

രണ്ടാം ദിനം കപ്പൽ സന്ദർശിച്ചത് 2000ത്തോളം പേർ

ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷത്തിലുമാണ് മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിലെത്തിയവരെല്ലാം. ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ ഇന്ത്യന്‍ നേവിയുടെ കബ്രയും കോസ്റ്റ് ഗാര്‍ഡിന്റെ ആര്യമാൻ കപ്പലും സന്ദർശിക്കാൻ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ എത്തിയത് രണ്ടായിരത്തോളം പേർ. കോസ്റ്റ് ഗാര്‍ഡ് കപ്പലിന് മുൻവശത്തായി സജ്ജീകരിച്ച ബൊഫോഴ്സ് തോക്കുകൾ കാണാനും സെൽഫി പകർത്താനുമാണ് വൻ തിരക്ക്.

കപ്പലിന്റെ ബ്രിഡ്ജിൽ രണ്ടു വശത്തുമായുള്ള അത്യാധുനിക എസ്ആർസിജി തോക്കും മറ്റു സുരക്ഷാ ഉപകരണങ്ങളും ആളുകൾ അത്ഭുതത്തോടെ നോക്കിക്കണ്ടു. ലെഫ്റ്റനന്റ് കമാൻന്റന്റ് അംങ്കിത് ശർമ്മയാണ് കോസ്റ്റ് ഗാർഡ് കപ്പലിന്റെ കമാൻഡിങ് ഓഫീസർ.

കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച പതിനെട്ടാമത് ഫാസ്റ്റ് പെട്രോളിങ് വെസലാണ് ഐസിജിഎസ് ആര്യമാൻ. ആദേശ് വിഭാഗത്തിൽ ഉൾപെട്ട കപ്പൽ ദ്ര്യുതഗതിയിലുള്ള സർച്ച് ആൻഡ് റസ്ക്യൂ ഓപറേഷനും തീരദേശ പെട്രോളിംഗിനുമാണ് ഉപയോഗിക്കുന്നത്. മണിക്കൂറിൽ 35 നോട്ടിക്കൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന കപ്പൽ സാഗർ കവച്, സജഗ് എന്നീ സെർച്ച് ആൻഡ് റസ്ക്യൂ പരിശീലങ്ങളിൽ പ്രധാന പങ്കാളികളിയാണെന്ന് അസിസ്റ്റന്റ് കമാൻഡന്റ് രജനീഷ് റാഠി പറഞ്ഞു.

കോസ്റ്റ്ഗാർഡ് ഫിക്സഡ് വിങ് എയർക്രാഫ്റ്റായ ഡോർണിയർ ബേപ്പൂർ തീരംതൊട്ട് പറന്നത് കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ചു. 

ഇന്ത്യൻ നേവിയുടെ കപ്പലായ കബ്രയിലും പൊതുജനങ്ങൾക്ക് സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ പേരാണ് നേവിയുടെ ഫാസ്റ്റ് അറ്റാക്കിങ് കപ്പലായ കബ്രയ്ക് നൽകിയിട്ടുള്ളത്. ഒരു മിനുറ്റിൽ 200 മുതൽ 300 റൗണ്ട് ഫയറിങ് കപ്പാസിറ്റിയുള്ള സിആർഎൻ -91 തോക്കാണ് കബ്രയിലെ പ്രധാന ആകർഷണം. ലെഫ്റ്റനന്റ് കമാന്റന്റ് അജിത് മോഹനാണ് ഷിപ്പ് കമാൻഡിങ് ഓഫീസർ.

ഡിസംബർ 29 വരെ രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ച് വരെ പൊതുജനങ്ങൾക്ക് കപ്പലുകൾ സന്ദർശിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. രണ്ടാം തവണയാണ് ഐസിജിഎസ് ആര്യമാനും ഐഎൻഎസ് കബ്രയും ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂരിൽ നങ്കൂരമിടുന്നത്.

പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. സേനയെ പരിചയപ്പെടുത്താനും ഷിപ്പിൽ ഉപയോഗിക്കുന്ന മറ്റു യന്ത്രങ്ങളെ കുറിച്ച് അറിയാനും ഫെസ്റ്റിന്റെ ഭാഗമായി പോർട്ടിൽ ഒരുക്കിയ സ്റ്റാളിലൂടെ സാധിക്കും. കപ്പൽ കാണാനെത്തുന്നവർക്ക് തീരദേശ സുരക്ഷയെക്കുറിച്ചും കോസ്റ്റ് ഗാർഡിന്റെ ദൗത്യങ്ങളെക്കുറിച്ചുമെല്ലാം കണ്ടും കേട്ടും മനസ്സിലാക്കാം. 

നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും ഹെലികോപ്റ്റര്‍ സെര്‍ച്ച് ഡെമോണിയ, ഫ്ലൈ പാസ്റ്റ് എന്നിവയും ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കോസ്റ്റുഗാര്‍ഡിന്റെ എഎൽഎച്ച് ഹെലികോപ്റ്റർ രക്ഷാദൗത്യ പ്രദർശനത്തിന്റെ ഭാഗമാകും. അവസാന ദിനം വൈകീട്ട് ഐസിജിഎസ് ആര്യമാൻ ബേപ്പൂർ പുലിമുട്ടിനു പുറത്ത് നങ്കൂരമിട്ടതിനു ശേഷം ദീപാലങ്കാരവും ഫ്ലെയേഴ്സ് ഫയറിങ്ങുമുണ്ടാകും.

date