Skip to main content

പ്രളയ ദുരന്തനിവാരണം :കൈത്താങ്ങാകാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും

 

പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദ്യാര്‍ത്ഥികളും കൈകോര്‍ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന സ്വീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ഗവ.മോഡല്‍  ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കുട്ടികളുടെ മുമ്പില്‍ അവതരിപ്പിച്ചു. ഭാവി കേരളത്തിന്റെ വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികള്‍ അതുകൊണ്ടാണ് നാടിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ കുട്ടികളുടേയും പങ്കാളിത്തം സര്‍ക്കാര്‍ ആലോചിച്ചതെന്ന് മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു. കാലവര്‍ഷക്കെടുതിയെ അതിജീവിക്കാനുള്ള മാതൃകാപരമായ ഇടപെടലുകള്‍ ഇതിനകം തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, വിദ്യാഭ്യാസസാമഗ്രികള്‍ നഷ്ടപ്പെട്ടവരെ സഹായിക്കല്‍, ചെറു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കല്‍ എന്നിങ്ങനെ തങ്ങളാലാവുന്ന സഹായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് കൂടി ഇതിന്റെ ഭാഗമാകാനുള്ള അവസരമാണ് ഇതെന്ന് മുഖ്യമന്ത്രി സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ യു. ഷാജഹാന്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പ്രത്യേകം ക്രമീകരിച്ച പെട്ടിയില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രളയ ദുരന്തത്തിന്റെ പാഠം ഉള്‍ക്കൊള്ളുന്ന ഗാനം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയവിദ്യാലയം, നവോദയ സ്‌കൂളുകളും എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നാടിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും.                   (പിഎന്‍പി 2805/18)

date