Skip to main content

എം പി ഫണ്ട്: കണ്ണൂരില്‍ 13.54 കോടി രൂപയുടെ  പ്രവൃത്തികള്‍ പൂര്‍ത്തിയായി

    കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എം പി ഫണ്ട് ഉപയോഗിച്ച് 13.54 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. 2014-15 മുതല്‍ 2018-19 വരെയുള്ള കാലയയളവില്‍ പി കെ ശ്രീമതി ടീച്ചര്‍ എം പിയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളുടെ അവലോകന യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്. ഭരണാനുമതി ലഭിച്ച 16.80 കോടി രൂപയുടെ പ്രവൃത്തികളില്‍ 13.54 കോടി രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയായത്. ആകെ അനുവദിച്ച തുകയുടെ 80.56 ശതമാനമാണ് ഇത്. 
    2014-15 കാലയളവില്‍ അംഗീകാരം നല്‍കിയ 153 പ്രവൃത്തികളില്‍ 152 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2015-16 കാലയളവില്‍ അംഗീകാരം നല്‍കിയ 121 പ്രവൃത്തികളില്‍ 120 പ്രവൃത്തികളും, 2016-17 കാലയളവില്‍ അംഗീകാരം നല്‍കിയ 162 പ്രവൃത്തികളില്‍ 134 പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. 2017-18 കാലയളവില്‍ അംഗീകാരം ലഭിച്ച 239 പ്രവൃത്തികളില്‍ 52 പ്രവൃത്തികളും പൂര്‍ത്തിയായി. 2018-19 കാലയളവില്‍ ഇതുവരെ 12 പ്രവൃത്തികള്‍ക്കാണ് (49.6 ലക്ഷം രൂപ) അംഗീകാരം നല്‍കിയിട്ടുണ്ട്.
    കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുമ്പോള്‍ വൈദ്യുതീകരണം, റാമ്പ് എന്നിവ ഉണ്ടെന്ന് നിര്‍വഹണോദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ പൂര്‍ത്തിയാവാത്ത പ്രവൃത്തികള്‍ക്ക് സമയപരിധി നീട്ടി വാങ്ങാന്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പൂര്‍ത്തിയായതായി നിര്‍വഹണദ്യോഗസ്ഥര്‍ അറിയിച്ച മുഴുവന്‍ പ്രവൃത്തികളുടെയും അന്തിമ ബില്ല് സെപ്റ്റ്ംബര്‍ 19 നുള്ളില്‍ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം. ജില്ലയിലെ സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ സ്ഥാപിച്ചതിന്റെ ബില്ലുകള്‍ കൈമാറുന്നതിനുണ്ടായ കാലതാമസം പരിശോധിച്ച് ഒരാഴ്ചക്കകം അന്തിമ ബില്‍ തുക കെല്‍ട്രോണിന് കൈമാറണം. എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ ബാക്കിയുള്ള മുഴുവന്‍ പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് ഏഴു ദിവസത്തിനകം സമര്‍പ്പിക്കണമെന്നും യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്കുള്ളില്‍ ബില്ല് സമര്‍പ്പിക്കുമെന്ന് പറഞ്ഞ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ അടുത്തയാഴ്ച യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 
    ജില്ലാ ആസൂത്രണ കമ്മീഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി കെ ശ്രീമതി ടീച്ചര്‍ എംപി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ ആസൂത്രണ ഓഫീസര്‍ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

date