Skip to main content

നോർക്കയുടെ പുരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃക: പി.ശ്രീരാമകൃഷ്ണൻ നോർക്ക - കേരള ബാങ്ക് പ്രവാസി ലോൺ മേളയിൽ 6.39 കോടിയുടെ വായ്പാനുമതി

തിരിച്ചെത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്നതുപോലെയുള്ള പുനരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃകയെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി പൊന്നാനി ആർ.വി പാലസിൽ ഓഡിറ്റോറിയത്തില്‍

സംഘടിപ്പിച്ച ബിസിനസ് മീറ്റും, വായ്പാമേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരെയും വായ്പ നല്‍കാന്‍ തയ്യാറുള്ള ധനകാര്യ സ്ഥാപനത്തേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ലോണ്‍ മേളകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യാവസായിക അന്തരീക്ഷവും വിപണിയുടെ സാധ്യതകളും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ക്ക് ഇതിലൂടെ കഴിയും.

കേരളത്തിലെ പ്രവാസികള്‍ ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. 

 

 

കേരളാ ബാങ്ക് ഡയറക്ടർ ഇ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു.

നോർക്കാ റൂട്ട്സ് ജനറൽ മാനേജർ അജിത് കൊളശ്ശേരി മുഖ്യപ്രഭാഷണം നടത്തി. നോർക്കാ റൂട്ട്സ് സെൻട്രൽ മാനേജർ സി.രവീന്ദ്രൻ നോർക്കാ റൂട്ട്സിന്റെ പദ്ധതികളുടേയും കേരളാ ബാങ്ക് കൃഷി ഓഫീസർ ടി. രാജ്കുമാർ കേരളാ ബാങ്ക് പദ്ധതികളുടേയും വിശദീകരണം നടത്തി. 

കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പി.ശ്രീധരൻ സ്വാഗതവും

പൊന്നാനി ഏരിയാ മാനേജർ ടി.എം. സൽമാ ബീവി നന്ദിയും പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം 

പൊന്നാനി ഉപജില്ല വ്യവസായ ഓഫീസർ റഷീദ്,കേരള സോപ്സ് മാർക്കറ്റിംഗ് മാനേജർ ശ്രീകുമാർ , കേരള സോപ്സ് ഫിനാൻസ് മാനേജർ രാജേഷ് കുമാർ,

കേരള ഫീഡ്സ് ഏരിയ മാനേജർ ബിജേഷ്, മലബാർ സിമൻറ്സ് മാർക്കറ്റിംഗ് മാനേജർ വേണുഗോപാൽ എന്നിവർ

നിക്ഷേപ സാധ്യതകളെ സംബന്ധിച്ച ക്ലാസ്സുകളെടുത്തു.

 

 

മേളയിൽ ആകെ 135 പ്രവാസി സംരംഭകരാണ് പങ്കെടുക്കാനെത്തിയത്. 55 പേർക്ക് 6.39 കോടിയുടെ വായ്പക്കായുള്ള പ്രാഥമികാനുമതി ലഭിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് ഇവർക്ക് ലോൺ തുകകൾ അനുവദിക്കും.

നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജെക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് പദ്ധതി (എന്‍.ഡി.പി.ആര്‍.ഇ.എം) പ്രകാരമാണ് വായ്പാമേള സംഘടിപ്പിച്ചത്. രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും ആദ്യത്തെ നാലു വര്‍ഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

date