Skip to main content

മാലിന്യമുക്തം  നവകേരളം ക്യാമ്പയിൻ  രണ്ടാംഘട്ടം :  വൻകിട മാലിന്യ ഉൽപാദന കേന്ദ്രങ്ങളിൽ  മിന്നൽ പരിശോധന നടത്തി

 

  മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ  വൻകിട മാലിന്യ ഉൽപാദന കേന്ദ്രങ്ങളിൽ ജില്ല ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ  നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 

 മലിനജലം സംസ്കരിക്കുന്നതിന് സിവേജ്  ട്രീറ്റ്മെന്റ് പ്ലാന്റ്, ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം എന്നിവ ഒരുക്കാനുള്ള സമയപരിധി   ജനുവരി 26 ന് അവസാനിക്കുന്നതിന്റെ മുന്നോടിയായായാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പരിശോധനയിൽ മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്ന ശ്രദ്ധയിൽപ്പെട്ട  സ്ഥാപനങ്ങൾക്ക് ന്യൂനത നോട്ടീസ് നൽകി. 
 വൻകിട മാലിന്യ  ഉത്പാദകരായുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിന് മുന്നോടിയായി  യൂസർഫീ ഇനത്തിൽ കുടിശ്ശിക ഇല്ലെന്നും കൃത്യമായി മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാകണമെന്നുമുള്ള സർക്കാർ നിർദ്ദേശവും നൽകി. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ  സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി  ബന്ധപ്പെട്ട  കണ്ടെത്തിയ അപാകതകൾ ഒരാഴ്ചയ്ക്കകം  പരിഹരിച്ച് റിപ്പോർട്ട് നൽകാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ഇക്കാര്യത്തിൽ തുടർ പരിശോധനയും മോണിറ്ററിങ്ങും തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 പരിശോധനക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽഹമീദ്, ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജൂനിയർ  സൂപ്രണ്ട് എ അനിൽകുമാർ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ജയറാം,ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ സൂര്യ എന്നിവർ പങ്കെടുത്തു.

date