Skip to main content

കോകോ ചലച്ചിത്രമേള ന്യൂജെൻ സിനിമ പ്രാദേശിക ഭാഷയെ ഗുണപരമായി ഉപയോഗിക്കുന്നതായി ഓപ്പൺഫോറം

 

മലയാളത്തിലെ ന്യൂജെൻ സിനിമകൾ വരേണ്യഭാഷ കയ്യൊഴിഞ്ഞു പ്രാദേശിക ഭാഷയെ ഗുണപരമായി ഉപയോഗിക്കുന്നതായി കോകോ ചലച്ചിത്രമേളയിലെ ഓപ്പൺഫോറം.

'കോഴിക്കോടിന്റെ ഭാഷാശൈലി മലയാള സിനിമയ്ക്ക് കോമഡിയോ' എന്ന വിഷയമായിരുന്നു ബുധനാഴ്ച ഓപ്പൺഫോറം ചർച്ച ചെയ്തത്.

മലയാള സിനിമ സമീപകാലത്ത്‌ പ്രാദേശിക ഭാഷയ്ക്ക് മികച്ച പ്രാധാന്യം കൊടുക്കുന്നതായി മാധ്യമപ്രവർത്തകനായ ഷിബു മുഹമ്മദ്‌ പറഞ്ഞു. വള്ളുവനാടൻ ഭാഷയെ തള്ളി കാസർഗോഡ്, കോട്ടയം, കോഴിക്കോട് ഭാഷകൾ ന്യൂജെൻ സിനിമകളിൽ വരുന്നു. ഇത് വിപ്ലവകരം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഗുണപരമാണ്.

കോഴിക്കോടൻ ഭാഷ നാടകത്തിലും സിനിമയിലും സംസാരിച്ചതുകൊണ്ട് പ്രേക്ഷക പിന്തുണ വലിയതോതിൽ ലഭിച്ചെന്ന് പറഞ്ഞ നടൻ അപ്പുണ്ണി ശശി പക്ഷെ, അത് കാരണം മറ്റ് ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. 

സിനിമാ സംവിധായകരാണ് ഭാഷ കോമഡി ആക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്ന് നടൻ വിജയൻ കാരന്തൂർ നിരീക്ഷിച്ചു. 'പെരുമഴക്കാല'ത്തിൽ മാമുക്കോയയുടെ കോഴിക്കോടൻ ഭാഷ കോമഡി അല്ല.

ഏതൊരു ഭാഷയ്ക്കും കൃത്യമായ താളമുണ്ടെന്നായിരുന്നു നടൻ സുധി കോഴിക്കോടിന്റെ അഭിപ്രായം. 

സ്വഭാവികതയ്ക്കായി നാട്ടുഭാഷ  ഉപയോഗിക്കണം എന്ന നില സിനിമയിൽ വന്നത് പോസിറ്റീവ് ആയാണ് കാണുന്നതെന്ന് അധ്യാപകനായ ആർ വി എം ദിവാകരൻ പറഞ്ഞു. 

വരേണ്യ ഭാഷയെ തകർക്കുന്ന പുതിയ തലമുറ സിനിമയിൽ വന്നത് ശ്ലാഘനീയമാണെന്ന് നാടകരംഗത്തെ ടി അനിതകുമാരി അഭിപ്രായപ്പെട്ടു. 

സംവിധായകൻ പ്രതാപ് ജോസഫ് മോഡറേറ്ററായി.

date