Skip to main content

അറിയിപ്പുകൾ 

 

സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതന പരിഷ്കരണം; തെളിവെടുപ്പ്  ജനുവരി 17ന് 

സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതന പരിഷ്കരണം സംബന്ധിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലെ തെളിവെടുപ്പ് യോഗം ജനുവരി 17ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തുന്നു. തെളിവെടുപ്പ് യോഗത്തിൽ സ്വകാര്യ ആശുപത്രി മേഖലകളിലെ തൊഴിലാളി- തൊഴിലുടമ- ട്രേഡ് യൂണിയൻ പ്രതിനിധികൾ ആവശ്യമായ രേഖകൾ സഹിതം അന്നേദിവസം തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചേരണമെന്ന് ജില്ലാ  ലേബർ ഓഫീസർ അറിയിച്ചു. യോഗത്തിൽ സമർപ്പിക്കേണ്ട ചോദ്യാവലി അതാത് അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ 0495-2370538.

ഗതാഗതം നിരോധിച്ചു 

കോഴിക്കോട് ജില്ലയിലെ വല്ലത്തായിക്കടവ് പാലം പുനർ നിർമ്മാണ പ്രവൃത്തിക്കു വേണ്ടി കാരമൂല വല്ലത്തായിപ്പാറ-തേക്കുംകുറ്റി റോഡ് 09.01.2024 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇത് വഴി കാരമൂല നിന്നും വല്ലത്തായിപ്പാറ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കാരമൂല കളരിക്കണ്ടി വഴി വല്ലത്തായിപ്പാറയ്ക്ക് പോകേണ്ടതാണ്. കൂടാതെ, വല്ലത്തായിപ്പാറയിൽ നിന്നും കാരമൂല ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും വല്ലത്തായിപ്പാറ-കളരിക്കണ്ടി വഴി കാരമൂലയിലേക്കും പോകേണ്ടതാണ്.

പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള  പി എസ് സി വിവിധ തസ്തികകളിൽ ലഘു വിജ്ഞാപനം പുറപ്പെടുവിച്ചു.  ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടേയും ഓൺലൈൻ ആയി കമ്മീഷന്റെ വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് 15.12.2023 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപനം, കമ്മീഷന്റെ വെബ്സൈറ്റ് (www.keralapsc.gov.in)  എന്നിവ കാണുക.  അപേക്ഷ ഓൺലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2024 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി :  ജനുവരി 17 അർധരാത്രി 12 മണി വരെ.

അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ജനുവരി 20 വരെ അപേക്ഷിക്കാം 

 കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപെട്ട പുതിയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി  20 വരെ ദീർഘിപ്പിച്ചു. ww.akshaya.kerala.gov.in 0495-2304775

തിയ്യതി ദീർഘിപ്പിച്ചു

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന  ഗവ. അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസ്സസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയ്യതി ദീർഘിപ്പിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 31.  ഫോൺ : 04712325101, 8281114464.  www.srccc.in 

പരിശീലന പരിപാടി

ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ ജനുവരി 29 മുതൽ 31  വരെ കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രോക്യൂർമെന്റ് അസിസ്റ്റന്റുമാർക്ക് പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ് . പരിശീലനത്തിന് താത്പര്യമുള്ളവർ ജനുവരി 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി 0495 2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതും കൺഫർമേഷൻ ലഭിച്ചവരെ മാത്രം പരിശീലനത്തിന് പങ്കെടുപ്പിക്കുന്നതുമാണ്.

ലേലം ചെയ്യുന്നു 

താമരശ്ശേരി താലൂക്ക്‌ ആശുപത്രിയിൽ നബാർഡ്‌ പദ്ധതി പ്രകാരം പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്‌ നിർദ്ദിഷ്ഠ സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന മെറ്റേണിറ്റി ബ്ലോക്ക്‌ പൊളിച്ചുമാറ്റുന്നതും താമരശ്ശേരി താലൂക്ക്‌ ആശുപത്രിയിൽ നബാർഡ്‌ പദ്ധതി പ്രകാരം പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്‌ ടോയ്ലറ്റ്‌ ബ്ലോക്ക് പൊളിച്ചുമാറ്റുന്നതുമായ ഉപയോഗശൂന്യമായ വസ്തുക്കൾ  ജനുവരി 18ന് ഉച്ചക്ക് 12 മണിക്ക് താമരശ്ശേരി താലൂക്ക് ആശുപത്രി പരിസരത്ത്  പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപ വിഭാഗം  അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്‌. 

ജില്ലാ സൈനിക ക്ഷേമ ഓഫീസ് അറിയിപ്പ് 

രണ്ടാം ലോകമഹായുദ്ധ സേനാനികൾക്കും വിധവകൾക്കും പ്രതിമാസ സാമ്പത്തിക സഹായം ലഭിച്ചു കൊണ്ടിരുന്നതും, അവരുടെ കാലശേഷം സർക്കാരിൽ നിന്നോ തദ്ദേശ സ്വയംഭരണ / പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ പെൻഷനോ മറ്റ് അനുകുല്യങ്ങളോ ലഭിക്കാത്ത  50000  രൂപയിൽ താഴെ വരുമാനമുള്ള അവിവാഹിതരോ വിധവകളോ ആയ പെണ്മക്കൾ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ ജനുവരി 15ന് മുൻപ് വിമുക്തഭട വിടുതൽ സർട്ടിഫിക്കറ്റ്, അവിവാഹിത, വിധവ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

date