Skip to main content

മന്ത്രി ഡോ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും

 

ഖരമാലിന്യ ശേഖരണത്തിന് കോഴിക്കോട് പോളി വിദ്യാർത്ഥികൾ നിർമ്മിച്ച 30 ഇ-ഓട്ടോകൾ നാളെ (വ്യാഴം) നിരത്തിലേക്ക്

വാഹനങ്ങൾ കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യശേഖരണത്തിന്
 
'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതിയിൽ കോഴിക്കോട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ നിർമ്മിച്ച 30 ഇ-ഗാർബേജ് ഓട്ടോറിക്ഷകൾ നാളെ (ജനുവരി 11) നിരത്തിലിറക്കും.
വെസ്റ്റ്ഹിൽ  പോളിടെക്‌നിക് കോളേജിൽ വൈകീട്ട് നാലിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും.

ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ചു ഒരു ക്യാമ്പസ്സിൽ നിന്നും നിർമ്മിച്ചു നൽകുന്നത്. 30 വാഹനങ്ങളും വാങ്ങാൻ കോഴിക്കോട് കോർപറേഷൻ നേരത്തെ തന്നെ തയ്യാറായിരുന്നു. 

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതികവിദ്യാഭ്യാസ ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ 'പഠനത്തോടൊപ്പം സമ്പാദ്യം' പദ്ധതിയായാണ് പോളിയിലെ  വിദ്യാർത്ഥികൾ ഓട്ടോറിക്ഷകൾ അസംബിൾ ചെയ്തത്. ഖരമാലിന്യ ശേഖരണത്തിന് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണിവ.

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-ഓട്ടോറിക്ഷ നിർമ്മാണക്കമ്പനിയായ  ആക്സോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ആരംഭിച്ച ക്യാമ്പസ്‌ ഇൻഡസ്ട്രി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.

ആക്‌സിയോൺ വെഞ്ചേഴ്‌സ് 2022 ഒക്‌ടോബർ 31ന് പോളിടെക്നിക്ക് കോളേജുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പ്രവർത്തനങ്ങളുമായി സഹകരിച്ചു വ്യാവസായിക ഉൽപ്പാദനം ആരംഭിക്കാനുള്ള ധാരണാപത്രം സർക്കാരുമായി ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായി കോഴിക്കോട് കോർപ്പറേഷന് വേണ്ടി 75 ഇലക്ട്രിക് ഗാർബേജ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വർക്ക് ഓർഡർ 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതി നേടിയിരുന്നു. അതിൽ ആദ്യ ഘട്ടമായാണ് 30 ഇ-ഓട്ടോകൾ ഇപ്പോൾ വിതരണത്തിന് തയ്യാറായിരിക്കുന്നത്.

"വ്യാവസായിക അടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ ക്യാംപസ് ഇലക്ട്രിക് ത്രീ-വീലർ അസംബ്ലി യൂണിറ്റാണ് കോഴിക്കോട് പോളിടെക്‌നിക് കോളേജിലേത്. കർശന ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് 30 വാഹനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം യഥാർത്ഥ വ്യാവസായിക സാഹചര്യങ്ങളുമായി പരിചയപ്പെടാനും ധനസമ്പാദനത്തിനുമുള്ള അവസരം സൃഷ്ടിക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടിന്റെ വിജയം കൂടിയാണിത്, " മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

date